സര്‍ക്കാര്‍ ഭരണസംവിധാനം കഴുകി വൃത്തിയാക്കാനുള്ള ശ്രമത്തില്‍: വിഎസ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചവിട്ടിമെതിച്ച് ഈജിയന്‍ തൊഴുത്താക്കിയ ഭരണസംവിധാനം കഴുകിവൃത്തിയാക്കാനുള്ള ശ്രമമാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിഎസ് അച്യുതാനന്ദന്‍. എകെജി ഹാളില്‍ നടക്കുന്ന കെജിഒഎ സുവര്‍ണജൂബിലി സമ്മേളനത്തില്‍ സുഹൃദ്‌സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. ഒന്നുരണ്ടാഴ്ചകള്‍ക്കുള്ളില്‍തന്നെ പുതിയ സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ ഇതിനു തെളിവാണ്. ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണ രംഗങ്ങളിലൊക്കെ ആരംഭിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശുഭസൂചന നല്‍കുന്നു.
ജനങ്ങളുടെ അന്തസ്സും സംസ്‌കാരവും പാതാളത്തോളം താഴ്ന്നുപോയ അനുഭവമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. ജനാധിപത്യ ഭരണസംവിധാനത്തിന്റെ എല്ലാ അന്തസ്സും മാന്യതയും കളഞ്ഞുകുളിച്ച ഒരു ഭരണ സംവിധാനമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അഴിമതിയെപ്പറ്റിയുള്ള വാര്‍ത്തകളിലും വിശകലനങ്ങളിലുമാണ് നാം അഞ്ചുവര്‍ഷം തള്ളിനീക്കിയത്.
പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ സ്വയം സജ്ജരാവണം. ജനങ്ങളുടെ സര്‍ക്കാരാണിതെന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാവണം. ഭരണഘടനയില്‍ ഉദ്യോഗസ്ഥരെ പറയുന്നത് 'പബ്ലിക് സര്‍വന്റ്‌സ്' എന്നാണ്.
ജനങ്ങളുടെ ദാസന്മാര്‍ എന്നാണ് അര്‍ഥം. എന്നുപറഞ്ഞാല്‍ ജനങ്ങളാണ് യജമാനന്മാര്‍ എന്നു പറയണം. ഈയൊരു ബോധ്യത്തോടെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമ്പോഴാണ് യഥാര്‍ഥ ജനസേവനം ഫലപ്രദമാവുക.
തീരുമാനങ്ങളെടുക്കുമ്പോള്‍ അതാര്‍ക്കുവേണ്ടി എന്നതിലാണ് പ്രാമുഖ്യം. അതിനുള്ള ഉത്തരം സാധാരണക്കാരായ ജനങ്ങള്‍ എന്നാണ്. 'ഏറ്റവും പിന്നില്‍നില്‍ക്കുന്നവന്റെ ശബ്ദവും കേള്‍ക്കുമ്പോള്‍ മാത്രമേ ജനാധിപത്യം പൂര്‍ണമാവൂ' എന്ന ഗാന്ധിജിയുടെ വാക്കുകളും വിഎസ് ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it