സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ല; ആദിവാസികളുടെ ശസ്ത്രക്രിയ മുടങ്ങുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ആദിവാസി രോഗികളുടെ ശസ്ത്രക്രിയ മുടങ്ങുന്നു. ആദിവാസി വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്തതാണു കാരണം.
ഫണ്ട് ലഭിക്കാത്തതിനാല്‍ സ്വകാര്യ ഷോപ്പുകളില്‍ നിന്ന് ഉപകരണങ്ങള്‍ കടമായാണു വാങ്ങിക്കൊണ്ടിരുന്നത്. സ്വകാര്യഷോപ്പുകള്‍ക്ക് ഇപ്പോള്‍ 40 ലക്ഷം രൂപ നല്‍കാനുണ്ട്. ഈ തുക നല്‍കാതെ ഇനി ഉപകരണങ്ങള്‍ കടം നല്‍കില്ലെന്ന് ഷോപ്പുകള്‍ നിലപാട് എടുത്തതാണ് ശസ്ത്രക്രിയയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
2.6 കോടി രൂപ വാര്‍ഷികഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. ആശുപത്രി വികസന സമിതി ഫണ്ടില്‍ നിന്നു കടമെടുത്താണ് ആദിവാസികളുടെ അടിയന്തര ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. ആദിവാസികളുടെ ബസ് ചാര്‍ജ്, വാഹനത്തിന്റെ ഇന്ധനം, ലാബ് പരിശോധനകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ വികസന സമിതി ഫണ്ട് ഉപയോഗിച്ചു നടത്തിവരുന്നു.
ആദിവാസി രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ചെലവിനായി നല്‍കിയിരുന്ന 150 രൂപ ഫണ്ടില്ലാത്തതിനാല്‍ നല്‍കുന്നില്ല. ലാബ് പരിശോധനകള്‍ നടത്തിയ വകയില്‍ സഹകരണ നീതി ലാബിന് അഞ്ചുലക്ഷം രൂപ നല്‍കാനുണ്ട്.
ആദിവാസി രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കിയ വകയില്‍ ന്യായവില ഷോപ്പിന് ഒന്നര കോടിയിലേറെ രൂപ നല്‍കാനുണ്ട്. ന്യായവില ഷോപ്പിന്റെ നടത്തിപ്പു തന്നെ ഇതുകാരണം അവതാളത്തിലായിരിക്കുകയാണ്.
ആശുപത്രിയില്‍ ചികില്‍സയിലുള്ള മറ്റ് രോഗികള്‍ക്കും ന്യായവില ഷോപ്പില്‍ നിന്ന് മരുന്നു ലഭിക്കാന്‍ പ്രയാസമനുഭവപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ന്യായവില ഷോപ്പിന് വിലകൂടിയ മരുന്നുകള്‍ ഒന്നും ഷോപ്പില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല.
Next Story

RELATED STORIES

Share it