Districts

സര്‍ക്കാര്‍ പരിഗണനയില്ല; ജൈവ കര്‍ഷകര്‍ കളംവിടുന്നു

എന്‍ എ ഷിഹാബ്

ആലപ്പുഴ: 2016ല്‍ സമ്പൂര്‍ണ ജൈവ സംസ്ഥാനമായി കേരളത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കെ വേണ്ടത്ര പരിഗണന ലഭിക്കാതെ ജൈവ കര്‍ഷകര്‍ കളംവിടുന്നു. ജൈവ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതും കര്‍ഷകര്‍ക്ക് സഹായകരമാവുന്ന പദ്ധതികളില്ലാത്തതുമാണ് ജൈവ കൃഷിരീതി വിട്ട് സാധാരണ കൃഷിയിലേക്കു തിരിയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.
കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ ജൈവകൃഷി തുടരുന്ന കര്‍ഷകരാണ് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടാതെ വിഷമിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയില്‍ സപ്ലൈകോയ്ക്ക് ജൈവ അരി വില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഒമ്പതര ഏക്കറില്‍ ജൈവകൃഷി നടത്തുന്ന പോള്‍ ജോസഫ് പറഞ്ഞു. കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ ജൈവ കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന പലരും മനംമടുത്ത് രാസവളം ഉപയോഗിച്ചുള്ള നെല്‍കൃഷിയിലേക്ക് തിരിഞ്ഞതായും ഇദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ ജൈവ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെടുമ്പാശ്ശേരിയില്‍ ആഗോള കാര്‍ഷിക സംഗമം നടത്തിയിരുന്നു. സംഗമത്തി ല്‍ 52 കോടിയുടെ ജൈവ ഉല്‍പന്ന വിപണനം നടന്നതായാണ് കണക്കുകള്‍. അടുത്തമാസം ഇതേവേദിയില്‍ നടക്കുന്ന കാ ര്‍ഷിക സംഗമത്തില്‍ 100 കോടിയുടെ വിപണിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംഗമത്തിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ വ്യത്യസ്ത ജൈവ കൃഷികളെ ഏകോപിപ്പിക്കാനായി ഓര്‍ഗാനിക് അതോറിറ്റി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തെ ആഗോള കാര്‍ഷിക സംഗമത്തിലേക്ക് ജൈവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് വില്‍പനയ്‌ക്കെത്തിക്കാനുള്ള നീക്കങ്ങളും നടന്നിട്ടില്ല.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് സമ്പൂര്‍ണ ജൈവ സംസ്ഥാന പദ്ധതിയെന്ന ആശയം ഉടലെടുക്കുന്നത്. പദ്ധതിക്കായി ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ ജൈവ സംസ്ഥാന പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയെ സമ്പൂര്‍ണ ജൈവ ജില്ലയായി പ്രഖ്യാപിച്ചു. ഇതിനായി 5.19 കോടി രൂപ വകയിരുത്തിയെങ്കിലും ജൈവ കാര്‍ഷികോല്‍പന്നങ്ങളില്‍ വേണ്ടത്ര വര്‍ധനയുണ്ടാക്കാനായില്ല. മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
ജൈവ കൃഷിക്കായി വിവിധ പദ്ധതികള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ ചെലവിടുമ്പോഴും യഥാര്‍ഥ കര്‍ഷകരിലേക്ക് ഇത് എത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. 2010-11 വര്‍ഷത്തില്‍ ഒരു കോടി രൂപ ചെലവില്‍ 14 ജില്ലകളിലെ 20 ബ്ലോക്കുകളിലായി ജൈവ പച്ചക്കറി ഉല്‍പാദനത്തിനായി ആദ്യ പദ്ധതി നടപ്പാക്കിയിരുന്നു. 2011- 12 വര്‍ഷം ജൈവകൃഷി വികസനം ലക്ഷ്യമാക്കി 450 ലക്ഷം രൂപ അനുവദിച്ചു. 2013-14 വര്‍ഷത്തിലും വിവിധ പദ്ധതികള്‍ക്കായി കാസര്‍കോട് മാത്രം 940 ലക്ഷം രൂപ ചെലവഴിച്ചു. ജൈവവള നിര്‍മാണത്തിനും മാതൃകാ തോട്ട നിര്‍മാണത്തിനമായി രണ്ടു കോടിയോളം വീണ്ടും ചെലവിട്ടു. പദ്ധതി നടത്തിപ്പിലുണ്ടായ ചില പോരായ്മകളാണ് ജൈവ കൃഷി പരിപോഷിപ്പിക്കപ്പെടാതെ പോയതിനു കാരണമെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
Next Story

RELATED STORIES

Share it