സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കം: മൂന്നംഗസമിതിയെ നിയോഗിച്ചു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളിലെ ഉള്ളടക്കങ്ങള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചു. കഴിഞ്ഞ വര്‍ഷം മെയില്‍ ഇതുമായി ബന്ധപ്പെട്ട സുപ്രിംകോടതി നിര്‍ദേശമനുസരിച്ചാണ് കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രാലയം കമ്മിറ്റിയെ നിയമിച്ചത്.
സര്‍ക്കാര്‍ പരസ്യങ്ങളുമായി ബന്ധപ്പെട്ട സുപ്രിംകോടതി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതു സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിച്ച് നടപടി കൈകൊള്ളുക, ഇതില്‍ സ്വമേധയാ നടപടിയെടുക്കുകയും മന്ത്രാലയങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക തുടങ്ങിയവ പുതുതായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ ചുമതലകളില്‍പ്പെടുന്നു.
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി ബി ടണ്ഠനാണ് കമ്മിറ്റി അധ്യക്ഷന്‍. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും ഇന്ത്യാ ടിവി ചെയര്‍മാനും എഡിറ്റര്‍-ഇന്‍-ചീഫുമായ രജത് ശര്‍മ, ആഗോള മാര്‍ക്കറ്റിങ് കമ്പനിയായ ഒഗില്‍വി ആന്റ് മര്‍ഥറിന്റെ ദക്ഷിണേഷ്യയിലെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പിയൂഷ് പാണ്ഡെ എന്നിവരാണ് കമ്മിറ്റിയിലെ മറ്റുള്ളവര്‍.
നിയമകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം വിവര, പ്രക്ഷേപണ മന്ത്രാലയം രൂപീകരിച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി അധ്യക്ഷനായ മൂന്നംഗ പാനലാണ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. നിയമകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് വിവര, പ്രക്ഷേപണ മന്ത്രാലയമാണ് കമ്മിറ്റിയുടെ ഘടന, പ്രവര്‍ത്തനരീതി, അധികാരപരിധി, ഉത്തരവാദിത്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ടേംസ് ഓഫ് റഫറന്‍സ് നിര്‍ണയിച്ചത്.
രണ്ടു വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. ഒരു വര്‍ഷം വരെ നീട്ടാം. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഡിഎവിപി (ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വല്‍ പബ്ലിസിറ്റി)യുമായി സഹകരിച്ചായിരിക്കും നടക്കുക.
Next Story

RELATED STORIES

Share it