wayanad local

സര്‍ക്കാര്‍ നിര്‍ദേശം നടപ്പായില്ല: സ്‌കൂളുകളില്‍ പ്രാഥമിക സൗകര്യങ്ങളില്ല

മാനന്തവാടി: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ മാസങ്ങള്‍ക്കു മുമ്പ് പുറപ്പെടുവിച്ച നിര്‍ദേശം പുതിയ അധ്യയന വര്‍ഷത്തിലും ഭൂരിഭാഗം വിദ്യാലയങ്ങളിലും നടപ്പായില്ല.
മറ്റു വിദ്യാര്‍ഥികളെ അപേക്ഷിച്ച് കൂടുതല്‍ സമയങ്ങളില്‍ വിദ്യാലയങ്ങളില്‍ ചെലവഴിക്കേണ്ടിവരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായ സൗകര്യങ്ങള്‍ അതാത് സ്‌കൂളുകളിലൊരുക്കണമെന്നായിരുന്നു 2016 ജനുവരിയില്‍ ബാലാവകാശ കമ്മീഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഡയറക്ടറോട് നിര്‍ദേശിച്ചത്.
വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിട്ട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ജലലഭ്യതയോടെയുള്ള യൂറിനല്‍സ്, കക്കൂസ്, പെണ്‍കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, ഇന്‍സിനേറ്റര്‍ അഥവാ വേസ്റ്റ് ഡിസ്‌പോസിങ് സൗകര്യം, ശുദ്ധമായ കുടിവെള്ളം എന്നിവ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് പ്ലസ്ടു വിദ്യാലയങ്ങളില്‍ ഉറപ്പു വരുത്തണമെന്നായിരുന്നു കമ്മീഷന്‍ നിര്‍ദേശിച്ചത്.
മേല്‍വിലാസമില്ലാതെ ഒരുപറ്റം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ അയച്ച പരാതി പരിഗണിച്ചായിരുന്നു കമ്മീഷന്റെ നടപടി. പ്രഫഷനല്‍ കോഴ്‌സുകള്‍ക്കു പോലും പഠനസമയം രാവിലെ 10 മുതല്‍ നാലു വരെയാണെന്നിരിക്കെ തങ്ങള്‍ക്ക് പഠനസമയം രാവിലെ 8.45 മുതല്‍ വൈകീട്ട് 4.45 വരെയാണെന്നും സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയുമുള്‍പ്പെടെ ദീര്‍ഘനേരം വീടിന് പുറത്ത് കഴിയേണ്ടതിനാല്‍ ദുരിതമനുഭവിക്കുന്നുവെന്നുമായിരുന്നു കുട്ടികള്‍ നല്‍കിയ പരാതി. ഇതു പരിഗണിച്ചായിരുന്നു കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
എന്നാല്‍, പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഇത്തരം സൗകര്യങ്ങളൊന്നും സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഏര്‍പ്പാട് ചെയ്തിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സര്‍ക്കാര്‍ പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകള്‍ നേരത്തെയുള്ള ഹൈസ്‌കൂളുകളോട് ചേര്‍ന്നാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
ഇത്തരം സ്‌കൂളുകള്‍ക്കൊന്നും തന്നെ സ്വന്തമായി മൂത്രപ്പുരകള്‍ പോലുമില്ല. ഹൈസ്‌കൂള്‍ സൗകര്യമാണ് ഇപ്പോഴും ഉപയോഗപ്പെടുത്തുന്നത്.
ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ അധികാരികള്‍ വര്‍ഷത്തില്‍ രണ്ടു തവണ വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുകയും മേല്‍സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത അധികൃതര്‍ക്കെതിരേ ശക്താമായ നടപടികള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് സെക്രട്ടറി കഴിഞ്ഞ ദിവസമാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it