സര്‍ക്കാര്‍ നയം തിരുത്തണം: കെജിഎംഒഎ

മലപ്പുറം: ജില്ലാ ആശുപത്രികളെയും ജനറല്‍ ആശുപത്രികളെയും മെഡിക്കല്‍ കോളജുകളാക്കി മാറ്റുന്ന തെറ്റായ നയം സര്‍ക്കാര്‍ തിരുത്തണമെന്ന് കെജിഎംഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ കെ റഊഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പുതുതായി ആരംഭിക്കാന്‍ പോവുന്ന കോന്നി, ഹരിപ്പാട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകള്‍ ആവശ്യമാണോ എന്ന് പരിശോധിക്കണം. മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച മഞ്ചേരി, പാലക്കാട്, ഇടുക്കി മെഡിക്കല്‍ കോളജുകളുടെ അവസ്ഥയെന്താണെന്ന് സര്‍ക്കാരിന് അറിയാവുന്ന സാഹചര്യത്തില്‍ തെറ്റ് ആവര്‍ത്തിക്കരുത്. ഉള്ള ജനറല്‍ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി എന്നതൊഴിച്ചാല്‍ പുതുതായി യാതൊരു സംവിധാനവും മഞ്ചേരിയില്‍ വന്നിട്ടില്ല. ആരോഗ്യവകുപ്പ് സെക്രട്ടറി തന്നെ പറഞ്ഞതുപോലെ യാതൊരു ഗുണവും ചെയ്യാത്ത മഞ്ചേരി മോഡല്‍ മെഡിക്കല്‍ കോളജ് ഇനി കേരളത്തില്‍ നടപ്പിലാക്കരുത്. മറ്റു മെഡിക്കല്‍ കോളജുകള്‍ക്ക് 150ഉം 200ഉം ഏക്കര്‍ സ്ഥലമുള്ളപ്പോള്‍ മഞ്ചേരിയില്‍ 21 ഏക്കര്‍ മാത്രമാണ് ഉള്ളത്. ഭാവിയിലെ വികസനംപോലും അസാധ്യമെന്നര്‍ഥം.
പാലക്കാട് എസ്‌സി എസ്ടി വകുപ്പിന് കീഴിലായതുകൊണ്ട് സ്വന്തം കെട്ടിടമുണ്ടായെങ്കിലും ക്ലിനിക്കല്‍ ആവശ്യത്തിന് ജനറല്‍ ആശുപത്രിയെ തന്നെയാണ് ആശ്രയിക്കുന്നത്.
ഇടുക്കിയിലെ കാര്യം അതിലേറെ കഷ്ടത്തിലാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം കാത്തിരിക്കെയാണ് ബോര്‍ഡ് ഇളക്കിമാറ്റി മെഡിക്കല്‍ കോളജാക്കി ബോര്‍ഡ് വച്ചത്. രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണ് മിക്ക മെഡിക്കല്‍ കോളജുകളുടെയും പ്രഖ്യാപനം നടക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 3450 എംബിബിഎസ് സീറ്റുകള്‍ ഉള്ളപ്പോള്‍ പിജി പഠനത്തിന് 1000ത്തില്‍ താഴെ മാത്രമാണ് സീറ്റുകള്‍.
ജില്ലാ ആശുപത്രികളും ജനറല്‍ ആശുപത്രികളും സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. തിരുവനന്തപുരത്ത് ഒരു മെഡിക്കല്‍ കോളജ് ഉണ്ടായിരിക്കെ നാലു കിലോമീറ്ററിനുള്ളില്‍ മറ്റൊരു മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. എം കേശവനുണ്ണി, ജോയിന്റ് സെക്രട്ടറി ഡോ. മുഹമ്മദലി, ഡോ. ശംസുദ്ദീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it