സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ നിയന്ത്രണം; ഉത്തരവിനെതിരേ പ്രതിഷേധം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം വരുത്തി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി ഇല്ലാതെ തന്നെ കലാസാഹിത്യ ശാസ്ത്ര, സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സ്വാതന്ത്ര്യം കവരുന്ന ഉത്തരവി—നെതിരേ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുയരുകയാണ്. ഉത്തരവിനെതിരേ പ്രതിപക്ഷ നേതാവും രംഗത്തെത്തി.
സര്‍ക്കാര്‍ ജീവനക്കാരുടെ കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും സെന്‍സര്‍ഷിപ്പും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി സാംസ്‌കാരിക ഫാസിസമാണെന്ന് വി എസ് കുറ്റപ്പെടുത്തി. ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ ദേദഗതി വരുത്തിയാണ് കലാസാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍—പ്പെടുത്തുന്ന ഉത്തരവിറക്കിയത്. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ സ്വകാര്യ റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍ നടത്തുന്ന കലാ, കായിക, വിനോദ, ഭാഗ്യാന്വേഷണ പരിപാടികളില്‍ പങ്കെടുക്കണമെങ്കില്‍ മേലുദ്യോഗസ്ഥന്റെ അനുമതി വേണ്ടിവരും. സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിമുതല്‍ അവരുടെ സാഹിത്യ സൃഷ്ടികളോ ഗവേഷണപ്രബന്ധങ്ങളോ ലേഖന സമാഹാരങ്ങളോ പഠനസഹായികളോ പുസ്തകമാക്കണമെങ്കില്‍ അതിന്റെ പ്രസാധകര്‍, അവതാരിക എഴുതുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍വരെ സര്‍ക്കാരിന് മുന്‍കൂട്ടി നല്‍കണം.
പുസ്തകത്തിന് നിശ്ചയിക്കുന്ന വില എത്രയെന്ന് പറയുകയും ലാഭേച്ഛ കൂടാതെ ന്യായവില മാത്രമേ നിശ്ചയിച്ചിട്ടുള്ളൂവെന്ന് സത്യവാങ്മൂലം നല്‍കുകയും വേണം. പുസ്തകത്തില്‍ ദേശതാത്പര്യങ്ങള്‍ക്ക് വിരുദ്ധവും സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന യാതൊന്നുമില്ലെന്ന സത്യപ്രസ്താവനയും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം പല ജീവനക്കാരും ടെലിവിഷന്‍ മാധ്യമങ്ങളില്‍ അവതാരകരായും മറ്റും പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
സിനിമാ സീരിയല്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതിനും അനുമതി നേടണം. ഓരോ സംഭവങ്ങളും പ്രത്യേകം പരിശോധിച്ചായിരിക്കും അനുമതി നല്കുകയെന്നും പുതുക്കിയ ഉത്തരവ് വ്യക്തമാക്കുന്നു. സ്വകാര്യ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് അപേക്ഷിച്ചാല്‍ അതിന്റെ മെറിറ്റ് നോക്കിയായിരിക്കും ഇനി മുതല്‍ അനുമതി നല്‍കുകയെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it