Flash News

സര്‍ക്കാര്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നു

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിവരുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള അംഗത്വം നല്‍കലും ക്‌ളെയിം തീര്‍പ്പാക്കലും ഈമാസം 11 മുതല്‍ ഓണ്‍ലൈന്‍ ആകുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഉടന്‍ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും.

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നല്കുന്നതിന് ജീവനക്കാരന്റെ ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരിസംഖ്യയുടെ ആദ്യ ഗഡു കിഴിവു നടത്തണം. ഡ്രായിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്തശേഷം ഓരോ മാസവും തങ്ങളുടെ ഓഫീസില്‍ പുതുതായി അംഗത്വം ആരംഭിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതേ വെബ് സൈറ്റില്‍ നിന്നുതന്നെ അപേക്ഷയുടെ തല്‍സ്ഥിതി വിവരവും, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അംഗത്വം അനുവദിച്ചതിനുശേഷം അംഗത്വ നമ്പരും അറിയാന്‍ കഴിയും. അംഗത്വ നമ്പര്‍ അനുവദിച്ചശേഷം പാസ്സുബുക്ക് ജീവനക്കാരന്റെ ഓഫീസ് മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയച്ചുകൊടുക്കും. 2015 സെപ്റ്റംബര്‍ 1നുശേഷം ആദ്യ വരിസംഖ്യ അടച്ച ജീവനക്കാരുടെ അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുകയുള്ളൂ. ഈ തീയതിക്ക് മുന്‍പ് വരിസംഖ്യ കിഴിക്കല്‍ ആരംഭിക്കുകയും എന്നാല്‍ നാളിതുവരെ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടിയിട്ടുമില്ലെങ്കില്‍ പ്രസ്തുത ജീവനക്കാര്‍ നിലവിലുള്ള രീതിയില്‍ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടേണ്ടതാണ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും അവസാന തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും വെബ് സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
ട്രഷറി മുഖേന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. മറ്റുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവിലുള്ള രീതിയില്‍ത്തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കണം.
Next Story

RELATED STORIES

Share it