സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പണയപ്പെടുത്തി ബോയ്‌സ് എസ്‌റ്റേറ്റ് അധികൃതര്‍ 47 കോടി തട്ടി

എസ് ഷാജഹാന്‍
പത്തനംതിട്ട: നിയമം മറികടന്ന് ഹാരിസണ്‍ വിറ്റ ബോയ്‌സ് എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഹൈക്കോടതി അനുവദിച്ച സ്‌റ്റേയുടെ മറവില്‍ തോട്ടം പണയപ്പെടുത്തി എസ്‌റ്റേറ്റ് ഉടമ 47.80 കോടി രൂപ ലോണ്‍ എടുത്തതായി രേഖകള്‍. റവന്യൂ വകുപ്പിന്റെ സഹായത്തോടെയാണ് ബോയിസ് എസ്‌റ്റേറ്റ് അധികൃതര്‍ ഭീമമായ തുക വായ്പയെടുത്തതെന്നു ഭൂമിയുടെ തണ്ടപ്പേര് രജിസ്റ്റര്‍ വ്യക്തമാക്കുന്നു. റവന്യൂ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒട്ടേറെ അന്വേഷണങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ ഹാരിസന്റെ പക്കലുള്ള 62,000 ഏക്കറില്‍ അധികം വരുന്ന ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ആദ്യ ഘട്ടമായിട്ടാണു കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉള്‍പ്പെടുന്ന 23,800 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്് സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യം അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവില്‍ ഹാരിസണ്‍ കൈമാറ്റം ചെയ്ത  8148 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകൊണ്ട് രാജമാണിക്യം ഉത്തരവിടുകയും ചെയ്തു. എന്നാല്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് ഇതിനുള്ള അധികാരം എന്തെന്നു ചൂണ്ടിക്കാട്ടി ഭൂമിയുടെ ഇപ്പോഴത്തെ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നു നടപടിക്ക് സ്‌റ്റേ ലഭിച്ചെങ്കിലും കോടതി വിധി വരുംമുമ്പ് അനധികൃതമായി ബോയിസ് എസ്‌റ്റേറ്റ് അധികൃതര്‍ ഭൂമി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചില്‍ പണയം വയ്ക്കുകയായിരുന്നു. കര്‍ശനമായ നിര്‍ദേശങ്ങളോടെയാണു ഭൂമി ഏറ്റെടുക്കല്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തത്. അന്തിമവിധി വരുന്നതുവരെ ഭൂമി ക്രയവിക്രയം ചെയ്യുകയോ പണയപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ലെന്നായിരുന്നു ഇതിലെ പ്രധാന നിര്‍ദേശം. കൂടാതെ ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കരുതെന്നും കരം സ്വീകരിക്കരുതെന്നും റവന്യൂ അധികൃതര്‍ തണ്ടപ്പേര് രജിസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം അവഗണിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിന് ബോയ്‌സ് എസ്‌റ്റേറ്റ് അധികൃതരില്‍ നിന്ന് 2,02,248 രൂപാ കരം റവന്യൂ വകുപ്പ് സ്വീകരിച്ചതായി തണ്ടപ്പേര് രജിസ്റ്ററില്‍ വ്യക്തമാവുന്നു. ഈ കരം അടച്ച രസീത് കാട്ടിയാണ് പിന്നീട് 47.80 കോടി രൂപ ബോയ്‌സ് എസ്‌റ്റേറ്റ് അധികൃതര്‍ സൗത്തിന്ത്യന്‍ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്. ബാധ്യതാ സര്‍ട്ടിഫിക്കറ്റ് പിന്നീട് ഹാജരാക്കാമെന്ന ബോയ്‌സ് എസ്‌റ്റേറ്റ് ഉടമയുടെ വാഗ്ദാനം വിശ്വസിച്ചാണ് ബാങ്ക് അധികൃതര്‍ ലോണ്‍ നല്‍കിയത്. എന്നാല്‍ റവന്യൂ രേഖകളില്‍ ബാങ്ക് വായ്പ സംബന്ധിച്ച ബാധ്യത എഴുതിച്ചേര്‍ക്കണമെന്നു കാട്ടി കഴിഞ്ഞമാസം ഒക്‌ടോബര്‍ ഒമ്പതിന് സൗത്തിന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയില്‍ നിന്ന് കൊക്കയാര്‍ വില്ലേജ് ഓഫിസര്‍ക്ക് കത്തു ലഭിച്ചതോടെയാണു തട്ടിപ്പ് വിവരം പുറത്തായത്. വിവരം അറിഞ്ഞതോടെ, ബോയ്‌സ് റബര്‍ എസ്‌റ്റേറ്റ് ലോണ്‍ എടുത്തതിന്റെ പേരില്‍ ബാങ്കിന് ഉണ്ടാവുന്ന നഷ്ടം റവന്യൂ വകുപ്പിനെ ബാധിക്കില്ലെന്നു വ്യക്തമാക്കി സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യം ബാങ്ക് അധികൃതര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it