Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി
X
.
doctors

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയെ തകിടംമറിച്ച് ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ആറാംദിവസത്തിലേക്ക്. ഒത്തുതീര്‍പ്പാവാതെ നീളുന്ന സമരംമൂലം രോഗികള്‍ പ്രതിസന്ധിയില്‍. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായി താളംതെറ്റിയ അവസ്ഥയിലാണ്. ഇന്നു മുതല്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. തീരുമാനം.

വി.ഐ.പി. ഡ്യൂട്ടി ഉള്‍പ്പെടെ പുറത്തുള്ള മറ്റു ചുമതലകളില്‍നിന്ന് ഡോക്ടര്‍മാര്‍ പൂര്‍ണമായി വിട്ടുനില്‍ക്കും. ഇതോടൊപ്പം പരിശീലനപരിപാടികള്‍, ആരോഗ്യ ക്യാംപുകള്‍ തുടങ്ങിയവ ബഹിഷ്‌കരിക്കാനും ഡോക്ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, അംഗപരിമിതര്‍ക്കുള്ള ബോര്‍ഡ് യോഗം എന്നിവ തടസ്സം കൂടാതെ നടത്തുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെയാവും സമരമെന്ന് സംഘടനാ ഭാരവാഹികള്‍ പറയുമ്പോഴും അത്യാഹിതവിഭാഗങ്ങളില്‍ ഉള്‍പ്പെടെ രോഗികള്‍ ദുരിതത്തിലാണ്.

ശസ്ത്രക്രിയകള്‍ പലതും മുടങ്ങി. പേവാര്‍ഡ് അഡ്മിഷനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രോഗികളെ ബുദ്ധിമുട്ടിച്ച് സമരം നടത്തുന്നതിനെരേ പ്രതിഷേധം ഉയരുകയാണ്. സമരത്തിനാധാരമായി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കുമേല്‍ അനുഭാവപൂര്‍ണമായ നടപടികള്‍ കൈക്കൊള്ളാമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതാണ്. ഡോ. എം ബീന കമ്മീഷന്‍ റിപോര്‍ട്ട് വരുന്നതുവരെ നൈറ്റ്ഡ്യൂട്ടി ഉള്ള ഡോക്ടര്‍മാര്‍ക്ക് പകല്‍ ഡ്യൂട്ടിയില്‍ ഇളവു നല്‍കാമെന്നും മന്ത്രി നേതാക്കളെ അറിയിച്ചു.

മറ്റ് ആവശ്യങ്ങളിന്മേലും തീരുമാനം ഉണ്ടാക്കാമെന്നും അത് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈക്കൊള്ളാമെന്നും മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, മന്ത്രിക്ക് മുന്നില്‍ സമ്മതം അറിയിച്ചിറങ്ങിയ സംഘടനാനേതാക്കള്‍ പിന്നീട് സമരപ്പന്തലിലെത്തി നിലപാട് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it