സര്‍ക്കാരിന്റെ പച്ചക്കറിവില നിയന്ത്രണം പൊളിയുന്നു: പൊതുവിപണിയേക്കാള്‍ വില ഹോര്‍ട്ടികോര്‍പില്‍

തിരുവനന്തപുരം: റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്ന പച്ചക്കറിവില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ പ്രഹസനമാവുന്നു. പച്ചക്കറികള്‍ക്ക് വിലക്കയറ്റം രൂക്ഷമായപ്പോഴാണ് ഹോര്‍ട്ടികോര്‍പ് വഴി കുറഞ്ഞ വിലയ്ക്ക് പച്ചക്കറി എത്തിക്കുമെന്ന് കൃഷിമന്ത്രി കെ പി മോഹനന്റെ ഉറപ്പുവന്നത്.
എന്നാല്‍, മന്ത്രിയുടെ ഉറപ്പിനു വിപരീതമായി പൊതുവിപണിയേക്കാള്‍ ഇരട്ടി വിലയീടാക്കി ഹോര്‍ട്ടികോര്‍പും ജനങ്ങളെ പിഴിയുകയാണ്. വിലക്കുറവ് പ്രതീക്ഷിച്ച് ഹോര്‍ട്ടികോര്‍പ് ഔട്ട്‌ലെറ്റിലെത്തിയവര്‍ കുടുങ്ങി. തലസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റായ ചാല കമ്പോളത്തേക്കാള്‍ വിലവര്‍ധനവാണ് ഹോര്‍ട്ടികോര്‍പ് ഔട്ട്‌ലെറ്റില്‍. വിലവര്‍ധനവ് നേരിടാന്‍ 30 ശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ വില്‍പനയ്ക്ക് എത്തിക്കുമെന്നായിരുന്നു ചര്‍ച്ചകള്‍ക്കുശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതുപ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ വിലക്കിഴിവും നല്‍കിയിരുന്നു. എന്നാല്‍, പൊതുവിപണിയില്‍ വില താഴ്ന്നിട്ടും ഹോര്‍ട്ടികോര്‍പ് വിലനിലവാരം പരിഷ്‌കരിക്കാത്തതാണ് പ്രശ്‌നം. വിലക്കിഴിവിട്ട് വെള്ളിയാഴ്ച ഹോര്‍ട്ടികോര്‍പ് നല്‍കിയ പച്ചക്കറികള്‍ക്ക് ചാലക്കമ്പോളത്തില്‍ ഇന്നലെ വില വീണ്ടും താഴ്ന്നു. ഔട്ട്‌ലെറ്റില്‍ വിലകുറച്ച് വിറ്റ ക്യാരറ്റിന് 48, വെണ്ടയ്ക്ക 44 എന്നിങ്ങനെയായിരുന്നു വില. എന്നാല്‍ ഇതേ പച്ചക്കറികള്‍ക്ക് ചാല കമ്പോളത്തില്‍ 20 മുതല്‍ 40 വരെ മാത്രമാണ് വില. കൂടാതെ രണ്ടു ദിവസം മുമ്പ് വിലകുറച്ച് വിറ്റ ബീന്‍സിന് 70 രൂപയായിരുന്നു ഈടാക്കിയത്. എന്നാല്‍, ഇന്നലെ ഇത് 80 ആയി ഉയര്‍ത്തി.
അതേസമയം, വിലവര്‍ധനവ് വന്നതായി ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് പത്ത് പച്ചക്കറി ഇനങ്ങള്‍ക്ക് കൂടി ഹോര്‍ട്ടികോര്‍പ് വിലക്കിഴിവ് നല്‍കി.
Next Story

RELATED STORIES

Share it