സര്‍ക്കാരിനെതിരേ വീണ്ടും ജേക്കബ് തോമസ്; ഭരണകര്‍ത്താക്കള്‍ക്കു സമൂഹത്തോടും പദവിയോടും ബാധ്യതയില്ല

കൊച്ചി: ഭരണകര്‍ത്താക്കള്‍ക്കു സമൂഹത്തോടും തങ്ങളുടെ പദവിയോടും ബാധ്യതയില്ലാത്തതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഡിജിപി ജേക്കബ് തോമസ്. കേരളത്തില്‍ ആരെങ്കിലും ഭരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സദ്ഭരണവും ഉത്തരവാദിത്തവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണത്തിലിരിക്കുന്നവര്‍ക്ക് അധികാരത്തില്‍ തുടരാന്‍ മാത്രമാണ് ആഗ്രഹം. പുരോഗതിയല്ല അധികാരം മാത്രമാണ് രാഷ്ട്രീയക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സ്ഥിതി മാറണം. ബജറ്റ് രഹസ്യമാക്കി വയ്ക്കുന്നതുകൊണ്ടാണ് ബജറ്റ് വില്‍ക്കുന്നുവെന്ന ആരോപണമുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതൊഴിവാക്കാന്‍ ബജറ്റ് സുതാര്യമാക്കണം. അഗ്നിശമനസേനാ മേധാവിയായി ഒരു വര്‍ഷത്തിനിടെ അഞ്ചുപേര്‍ വന്നു. ലോകായുക്തയെപ്പറ്റി പറഞ്ഞാല്‍ വിവാദമാവും. ആരോടാണ് ലോകായുക്തയ്ക്ക് ഉത്തരവാദിത്തമുള്ളതെന്നും അദ്ദേഹം ചോദിച്ചു.
അടുത്തിടെ ഒരു മാധ്യമം നടത്തിയ സര്‍വേയില്‍ രാഷ്ട്രീയക്കാരാണു രാജ്യത്തിന്റെ പ്രധാന പ്രശ്‌നമെന്നു കണ്ടെത്തിയിരുന്നു. നമ്മുടെ സര്‍ക്കാര്‍ സമൂഹത്തെ നശിപ്പിക്കുകയാണോ വളര്‍ത്തുകയാണോ. ഒരു അപകടം നടന്നാല്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് തുക കിട്ടാനാണു തിടുക്കം. അപകടത്തിന്റെ പ്രധാന കാരണം നോക്കുകയല്ല. സര്‍ക്കാര്‍ രണ്ടുമാസം മുമ്പ് പറഞ്ഞതായിരിക്കില്ല ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂരിലെ ഒരു കുഗ്രാമത്തില്‍ നിന്ന് സ്ത്രീകള്‍ക്കു കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കാന്‍ സ്വന്തമായി നിര്‍മാണ യൂനിറ്റ് തുടങ്ങിയ അരുണാചലം മുരുകാനന്ദന്റെ വീഡിയോയും സദസ്സിനു മുമ്പില്‍ അദ്ദേഹം കാണിച്ചു. ഇത്തരത്തില്‍ സ്വന്തം അയല്‍ക്കാരുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി സംരംഭകരാവുന്നവരാണു കേരളത്തിനു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it