സര്‍ക്കാരിനെതിരേ അഞ്ജു ബോബി ജോര്‍ജ്: 'സ്‌പോര്‍ട്‌സിനെ കൊല്ലാം; കായികതാരങ്ങളെ തോല്‍പിക്കാനാവില്ല'

തിരുവനന്തപുരം: സ്‌പോര്‍ട്‌സിനെ കൊല്ലാനാവും എന്നാല്‍, കായികതാരങ്ങളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച ശേഷം അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.
ജാതി-മത ചിന്തകള്‍ക്കും രാഷ്ട്രീയത്തിനും അതീതമാണ് സ്‌പോര്‍ട്‌സ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍, അതൊക്കെയും വിശ്വാസം മാത്രമായിരുന്നുവെന്നും ആരോപണങ്ങള്‍ കേട്ട സ്ഥിതിക്ക് സ്ഥാനത്തു തുടരുന്നത് ഉചിതമല്ലെന്ന് കരുതിയാണ് രാജി വയ്ക്കുന്നതെന്നും അഞ്ജു പറഞ്ഞു.
സ്ഥാനമൊഴിയുന്നതില്‍ വിഷമമില്ല. മഹാനായ ജി വി രാജയെപ്പോലും കരയിപ്പിച്ച പ്രസ്ഥാനമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍. അദ്ദേഹത്തിന്റെ വേദനയോളം വരില്ല തങ്ങളുടേതെന്നും അഞ്ജു പറഞ്ഞു.
കേരളത്തിലെ സ്‌പോര്‍ട്‌സ് മേഖലയ്ക്കും കായിക താരങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരു പദവി വേണ്ടെന്ന് കരുതുന്നു. സര്‍ക്കാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് സ്ഥാനം ഏറ്റെടുത്തത്.പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചു. വിമാനടിക്കറ്റ് എടുത്തത് നിയമപരമായി തന്നെയാണ്. അതില്‍ ആരോപണം കൊണ്ടുവന്നത് മറ്റൊന്നും പറയാനില്ലാതായപ്പോഴാണെന്നും അഞ്ജു പ്രതികരിച്ചു.
സഹോദരന്‍ അജിത് മാര്‍ക്കോസിന്റെ നിയമനമാണ് തന്നെ പ്രതിരോധത്തിലാക്കാന്‍ ഉപയോഗിച്ചത്. എന്നാല്‍, അജിതിനെ നിയമിച്ചത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അല്ല. സര്‍ക്കാര്‍ ഉത്തരവുപ്രകാരമാണ് അജിതിന് നിയമനം ലഭിച്ചത്.
20 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പരിശീലകനായ വ്യക്തിയാണ് അജിത് മാര്‍ക്കോസ്. യോഗ്യതകള്‍ ഉള്ളതുകൊണ്ടാണ് നിയമനം ലഭിച്ചത്. എന്നാല്‍, അജിതിന് യോഗ്യതയില്ലെന്ന് മുന്‍ പ്രസിഡന്റ് പത്മിനി തോമസ് പറഞ്ഞത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
ബംഗളൂരുവിലെ തന്റെ അക്കാദമിയിലേക്ക് കുട്ടികളെ കടത്തുന്നുവെന്ന് പറയുന്നവര്‍ കാര്യം അറിയാതെയാണ് പ്രതികരിക്കുന്നത്. താന്‍ കര്‍ണാടകയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളല്ല. മികച്ച പരിശീലനം നല്‍കാന്‍ അത്യാധുനിക സംവിധാനങ്ങളോടെ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു അക്കാദമിയാണത്. സായിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന അക്കാദമിയില്‍ പഠിക്കുന്നതു കൊണ്ട് വിദ്യാര്‍ഥികള്‍ കേരളത്തിന്റെ താരങ്ങളല്ലാതാവുന്നില്ലെന്നും അഞ്ജു പറഞ്ഞു.
അഞ്ജുവിനെ പുകച്ചു പുറത്ത് ചാടിച്ചു: പ്രതിപക്ഷ നേതാവ്
കോട്ടയം: സര്‍ക്കാരും കായികമന്ത്രിയും ചേര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് അഞ്ജു ബോബി ജോര്‍ജിനെ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല അഞ്ജുവിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കിയത്. പ്രഗല്ഭരായ കായികതാരങ്ങളെ അപമാനിച്ചു പുറത്തുവിടരുത്. പ്രസിഡന്റ് 24 മണിക്കൂറും തിരുവനന്തപുരത്തെ ഓഫിസില്‍ വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it