സരിത പറയുന്നത് ആരും വിശ്വസിക്കില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ കമ്മീഷന് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സരിത നല്‍കിയ രണ്ടുലക്ഷത്തിന്റെ ചെക്ക്‌പോലും മടങ്ങിപ്പോയതാണെന്നും അവര്‍ കോടിക്കണക്കിനു രൂപ തനിക്കും മറ്റു മന്ത്രിമാര്‍ക്കും നല്‍കിയെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും തുക ചെലവഴിച്ചെന്നു സരിത പറയുമ്പോഴും അവര്‍ക്ക് എന്തു നേട്ടമുണ്ടായി. ഒരു രൂപയുടെ ആനുകൂല്യം പോലും അവര്‍ക്കു ലഭിച്ചിട്ടില്ല. സര്‍ക്കാരിന് ഒരുരൂപപോലും നഷ്ടമായിട്ടുമില്ല. ഒരു ആനുകൂല്യവും ലഭിക്കാതെ ആരെങ്കിലും കോടികള്‍ വാരി വിതറുമോ? മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണു മുഖ്യമന്ത്രി സരിതയുടെ ആരോപണങ്ങളോടു പ്രതികരിച്ചത്. 1.90 കോടി രൂപ തന്നവര്‍ക്കു തന്റെ ലെറ്റര്‍പാഡ് പോലും സ്വന്തമാക്കാന്‍ സാധിച്ചില്ലെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. സരിതയുടെ ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍ അട്ടിമറിയാണോയെന്നതു ജനങ്ങള്‍ തീരുമാനിക്കട്ടെ. ഓരോ സമയത്തും മാറ്റിമാറ്റി കാര്യങ്ങള്‍ പറയുകയാണ്. ജനങ്ങളുടെ ചിന്താഗതികളെ മാറ്റാന്‍ ഇതുവഴി കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സരിതയുടെ തട്ടിപ്പ് വിശ്വസിക്കുന്നവര്‍ നാളെ ദുഃഖിക്കേണ്ടിവരും. ചില മാധ്യമങ്ങള്‍ സോളര്‍ കമ്പനിയെ മഹത്വവല്‍കരിച്ചു. തട്ടിപ്പിനു മാധ്യമങ്ങളുടേതടക്കം പല മാന്യന്‍മാരുടെയും പേരുകള്‍ ഉപയോഗിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ അടങ്ങിയ സിഡി തനിക്കു ലഭിച്ചിരുന്നു. അതു താന്‍ പുറത്തുവിടാത്തതു മാന്യന്‍മാരുടെ പേര് വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ്. വ്യക്തിപരമായി വന്നാല്‍ കാണിച്ചുതരാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തനിക്ക് ഒരാളുടെയും ടെലഫോണ്‍ നമ്പര്‍ അറിയില്ല. ഒരാള്‍ക്കും നമ്പര്‍ കൊടുത്തിട്ടുമില്ല. സരിതയ്ക്ക് നേരത്തെ കമ്മീഷനില്‍ പറയാന്‍ അവസരം കിട്ടി. അപ്പോഴൊന്നും പറഞ്ഞില്ല. കോടതിയില്‍ ഹാജരാക്കിയപ്പോഴും പറഞ്ഞിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ട് ഇതു പറയുന്നുവെന്ന് ആലോചിക്കണം.
ആരോപണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഒരിക്കലും അഴിമതിയാവില്ല. ഒന്നുകില്‍ അഴിമതി നടക്കാനിടയായ സാഹചര്യം കാണിക്കണം, അല്ലെങ്കില്‍ തെളിവുകള്‍ കൊണ്ടുവരണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതുപോലെ കേസുകള്‍ വന്നപ്പോള്‍ നടപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it