സരിത നാളെ ഹാജരായില്ലെങ്കില്‍ നടപടി ; ഫോണ്‍രേഖകള്‍ നശിപ്പിെച്ചന്ന് ഐജി ജോസ്

സ്വന്തം  പ്രതിനിധി

കൊച്ചി: സരിത എസ് നായരുടെ ഫോണ്‍രേഖകള്‍ അടങ്ങിയ ഇ-മെയില്‍ ഡിലീറ്റ് ചെയ്തതായി ഐജി ടി ജെ ജോസ് സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. 2013ല്‍ സൈബര്‍ പോലിസിനു ലഭിച്ച പരാതിയില്‍ സരിതയുടെ നാല് മൊബൈല്‍ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, 13/2013 നമ്പര്‍ കേസിന് ഉപയോഗപ്രദമായ തെളിവുകളൊന്നും ഫോണ്‍ സംഭാഷണങ്ങളില്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് രേഖകള്‍ നശിപ്പിച്ചത്. 2013 ജനുവരി ഒന്നു മുതല്‍ 2014 ഫെബ്രുവരി 17 വരെ താന്‍ സൈബര്‍സെല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഐജിയായിരുന്നു. അക്കാലയളവില്‍ ഫേസ്ബുക്ക് വഴി മന്ത്രിമാര്‍ക്കെതിരേ അപകീര്‍ത്തിപ്പെടുത്തുംവിധം വാര്‍ത്തകള്‍ വന്നിരുന്നു. ഇതുസംബന്ധിച്ച് സൈബര്‍ പോലിസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 13/2013 പ്രകാരം ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. 2013ല്‍ ഐടി ആക്റ്റ് പ്രകാരമെടുത്ത കേസുമായി ബന്ധപ്പെട്ടു ലഭിച്ച വിവരമനുസരിച്ച് നാലു ഫോണ്‍നമ്പറുകളുടെ കോള്‍വിവരങ്ങള്‍ സേവനദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലെ കംപ്യൂട്ടറില്‍ ഇ-മെയില്‍ വഴി വിവരങ്ങള്‍ ലഭിച്ചു. എന്നാല്‍, കേസിനു പ്രയോജനപ്പെടുന്ന തെളിവുകളല്ലെന്നു ബോധ്യപ്പെട്ടതിനാല്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതു സാങ്കേതികവിദഗ്ധര്‍ക്ക് തിരിച്ചെടുക്കാനാവുമോയെന്ന കമ്മീഷന്റെ ചോദ്യത്തിന് സാധിക്കുമെന്നായിരുന്നു ഐജിയുടെ മറുപടി. ഫോണ്‍ ചോര്‍ത്തല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്റലിജന്‍സ് എഡിജിപി  ടി പി സെന്‍കുമാര്‍ തന്നെ വിളിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഐജി മൊഴി നല്‍കി. അതേസമയം, സരിത എസ് നായര്‍ ഇന്നലെയും കമ്മീഷനില്‍ ഹാജരായില്ല. സരിത നാളെ നിര്‍ബന്ധമായും  ഹാജരാവണമെന്ന് ജസ്റ്റിസ് ശിവരാജന്‍ നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം അറസ്റ്റ് വാറന്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it