സരിത നായരുടെ ക്രോസ് വിസ്താരം കമ്മീഷന്‍ അവസാനിപ്പിച്ചു

കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുടെ ക്രോസ് വിസ്താരം സോളാര്‍ കമ്മീഷന്‍ അവസാനിപ്പിച്ചു. സിനിമാ ഷൂട്ടിങ് ഉണ്ടായിരുന്നതിനാല്‍ ഇന്നലെയും സരിത വിസ്താരത്തിനായി കമ്മീഷനില്‍ ഹാജരാവാതിരുന്ന സാഹചര്യത്തിലാണ് സരിതയുടെ ക്രോസ് വിസ്താരം അവസാനിപ്പിച്ച് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. സരിത ഉന്നയിച്ച ചില ആരോപണങ്ങളില്‍ തെളിവു ഹാജരാക്കുമെന്ന് നേരത്തെ കമ്മീഷനെ അറിയിച്ചിരുന്നതാണെന്നും എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അവരെ വിസ്തരിക്കേണ്ടതില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം സോളാര്‍ കമ്മീഷന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ സഹായിക്കുംവിധം എന്തെങ്കിലും തെളിവുകള്‍ സരിതയുടെ കൈവശമുണ്ടെങ്കില്‍ ഹരജിയോടൊപ്പം സമര്‍പ്പിച്ചാല്‍ കമ്മീഷന്‍ അതു പരിഗണിക്കുമെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. സോളാര്‍ വിളക്കുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സെക്കന്തരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സുരാന വെഞ്ചേഴ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനം അനെര്‍ട്ടുമായി ബന്ധപ്പെട്ടിരുന്നതായി അനെര്‍ട്ട് പ്രോഗ്രാം ഓഫിസര്‍ ആര്‍ രാജേഷ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സോളാര്‍ കമ്മീഷന്‍ ശേഖരിച്ച രേഖകള്‍ സാക്ഷിയെ കാണിച്ചപ്പോഴാണ് ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്. സുരാന ടെലികോം ലിമിറ്റഡും സുരാന വെഞ്ചേഴ്‌സും എംഎന്‍ആര്‍ഇയുടെ ചാനല്‍ പാര്‍ട്‌ണേഴ്‌സ് ആയിരുന്നു. എന്നാല്‍, ഈ രണ്ട് കമ്പനിയും ഒന്നുതന്നെയാണോ എന്ന് അന്വേഷിച്ചിട്ടില്ലെന്നും ആര്‍ രാജേഷ് മൊഴി നല്‍കി. സുരാന ടെലികോം ആന്റ്് പവര്‍ ലിമിറ്റഡ് എന്ന സ്ഥാപനവും സരിത മൊഴിയില്‍ പറയുന്ന സുരാന വെഞ്ചേഴ്‌സ് എന്ന സ്ഥാപനവും ഒന്നാണെന്ന് രേഖകളില്‍ വ്യക്തമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ടെന്‍ഡര്‍ വിളിച്ച് 1889 രൂപ നിരക്കില്‍ 28,000 സോളാര്‍ വിളക്കുകള്‍ വിതരണം ചെയ്യുന്നതിന് അനെര്‍ട്ട് സുരാന ടെലികോം ആന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, സുരാന സമയപരിധി ലംഘിച്ചതിനാല്‍ പിന്നീട് 14,000 ആയി കുറച്ചു. തുടര്‍ന്ന് അമ്മിണി സോളാര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 14,000 വിളക്കുകള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ നല്‍കി. പത്തനംതിട്ട ജില്ലാ ഓഫിസ് മുഖേന സുരാന ടെലികോം ആന്റ് പവര്‍ ലിമിറ്റഡ് വിതരണത്തിനായി എത്തിച്ച 500 വിളക്കുകളുടെ ഡെലിവറി ചലാനില്‍ പേര് സുരാന വെഞ്ചേഴ്‌സ് ലിമിറ്റഡ് എന്നു രേഖപ്പെടുത്തിയതിനാല്‍ അവ ജില്ലാ ഓഫിസ് ഏറ്റെടുക്കാതിരുന്ന സംഭവം ഉണ്ടായിരുന്നതായും രാജേഷ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കരാര്‍ കമ്പനിയുടെ പേര് ഡെലിവറി ചലാനില്‍ മാറിയതില്‍ വ്യക്തത വരുത്തണമെന്ന് പത്തനംതിട്ട ജില്ലാ ഓഫിസില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അനെര്‍ട്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനെര്‍ട്ടില്‍ ജോലിചെയ്യുന്ന സമയത്ത് സരിത എസ് നായരെ കണ്ടിട്ടില്ല. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ചാണ് ആദ്യമായി കാണുന്നത്. സരിതയുമായി നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ലെന്നും ആര്‍ രാജേഷ് കമ്മീഷനില്‍ മൊഴി നല്‍കി.
Next Story

RELATED STORIES

Share it