സരിത തന്നെ കണ്ടിരുന്നെന്ന് വിഷ്ണുനാഥ്; ഫോണില്‍ സംസാരിച്ചതായി ഹൈബി

കൊച്ചി: എറണാകുളം എംഎല്‍എ ഹൈബി ഈഡനും മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥും സോളാര്‍ തട്ടിപ്പു സംബന്ധിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴിനല്‍കി. സരിത എസ് നായരുമായി താന്‍ പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരിട്ടുകണ്ടിട്ടില്ലെന്ന് എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍. തന്റെ മണ്ഡലത്തില്‍ സോളാര്‍ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുതവണ സരിത തന്നെ സമീപിച്ചിരുന്നതായും പദ്ധതിയുടെ പ്രൊജക്ട് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നതായും പി സി വിഷ്ണുനാഥും മൊഴി നല്‍കി.
സരിതയും ബിജുവും ചേര്‍ന്ന് എറണാകുളത്തു നടത്തിയിരുന്ന ടീം സോളാര്‍ കമ്പനി 2011 ജൂണ്‍ പത്തിന് എറണാകുളം ഡ്രീംസ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷച്ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ് വിതരണം കഴിഞ്ഞശേഷം മടങ്ങിപ്പോന്നുവെന്നും ഹൈബി ഈഡന്‍ മൊഴി നല്‍കി. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ പറഞ്ഞ ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് സരിതയെ വിളിച്ചത്. ഷാഫിയുടെ മണ്ഡലത്തില്‍പ്പെട്ട ചിലര്‍ക്ക് സോളാര്‍ പാനല്‍ നല്‍കാമെന്നു പറഞ്ഞ് പണം കൈപ്പറ്റിയിട്ടും പാനല്‍ സ്ഥാപിക്കുകയോ പണം മടക്കിക്കൊടുക്കുകയോ ചെയ്തില്ലെന്ന് തട്ടിപ്പിനിരയായവര്‍ പരാതിപ്പെട്ടിരുന്നു. ടീം സോളാര്‍ കമ്പനി തന്റെ മണ്ഡലത്തിലായതിനാല്‍ അതേക്കുറിച്ച് അന്വേഷിക്കാന്‍ ഷാഫി പറഞ്ഞതനുസരിച്ച് സരിതയെ വിളിച്ചു. ഇക്കാര്യത്തിനുവേണ്ടി മാത്രമേ സരിതയുമായി സംസാരിച്ചിട്ടുള്ളൂ. സരിതയുമായി മറ്റ് ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. ബിജു രാധാകൃഷ്ണനെ അറിയില്ലെന്നും ഹൈബി പറഞ്ഞു.
തന്റെ മണ്ഡലത്തില്‍ സോളാര്‍ സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുതവണ സരിത തന്നെ സമീപിച്ചിരുന്നതായി പി സി വിഷ്ണുനാഥ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. താന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ പാലക്കാട് ജില്ലയില്‍ വച്ചാണ് സരിത തന്നെ സമീപിച്ചത്. തന്റെ നിയോജകമണ്ഡലത്തില്‍ സോളാര്‍ സംബന്ധമായ പദ്ധതികള്‍ ചെയ്തുനല്‍കാന്‍ തയ്യാറാണെന്ന് സരിത അറിയിച്ചു. പിന്നീട് താന്‍ ആവശ്യപ്പെട്ട പ്രകാരം എംഎല്‍എ ഓഫിസില്‍ വന്നുകണ്ടുവെന്നും പി സി വിഷ്ണുനാഥ് മൊഴിനല്‍കി.
Next Story

RELATED STORIES

Share it