സരിത എസ് നായര്‍ക്കെതിരേ ടീം സോളാര്‍ മുന്‍ മാനേജര്‍

തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരേ ടീം സോളാറിന്റെ മുന്‍ ജനറല്‍ മാനേജര്‍ പി രാജശേഖരന്‍. സരിത ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അരുവിക്കര തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസം ബിജുരമേശിന്റെ ഹോട്ടല്‍ രാജധാനിയില്‍ സരിത പോയിരുന്നു. അവിടെ ചില രാഷ്ട്രീയ ഗൂഢാലോചനകള്‍ നടന്നു. ഇതേക്കുറിച്ച് അന്വേഷിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും കോടികള്‍ കോഴ നല്‍കിയെന്ന സരിതയുടെ ആരോപണം പച്ചക്കള്ളമാണ്. സരിതയുടെ ധൂര്‍ത്തും ആഡംബരവുമാണ് ടീം സോളാര്‍ തകരാന്‍ കാരണം. കമ്പനിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നെന്ന് ബോധ്യമായ സാഹചര്യത്തിലാണ് താന്‍ രാജിവച്ചത്. പലരോടും സരിത കോടികള്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍, ഈ പണം മുഖ്യമന്ത്രിക്ക് നല്‍കിയിട്ടില്ല.
സരിത അറസ്റ്റിലാകുമ്പോള്‍ ഒന്നര ലക്ഷമായിരുന്നു ബാങ്ക് ബാലന്‍സ്. കേസ് നടത്തിപ്പിനും മറ്റും കോടികളാണ് സരിത ചെലവിട്ടത്. ഇതൊക്കെ എവിടെനിന്നു ലഭ്യമായെന്ന് അന്വേഷിക്കണം. ഇക്കാര്യങ്ങള്‍ സോളാര്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സത്യമാണെന്ന് തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് വിധേയനാകാന്‍ താന്‍ തയ്യാറാണ്.
മുഖ്യമന്ത്രിക്കെതിരായി കോട്ടയത്തുവച്ച് വാര്‍ത്താസമ്മേളനം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജുരാധാകൃഷ്ണന്‍ കത്തുതന്നു. അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണ്. അതിനാല്‍ വാര്‍ത്താസമ്മേളനം നടത്തിയില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ചിലര്‍ നടത്തുന്ന നീക്കങ്ങളാണ് സരിതയുടെ പുതിയ ആരോപണങ്ങള്‍ക്ക് കാരണമന്നും രാജശേഖരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it