സരിതയ്ക്ക് ഹാജരാവാന്‍ 30ന് അവസാന അവസരം

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ക്ക് ക്രോസ് വിസ്താരത്തിനു ഹാജരാവാന്‍ 30ന് അവസാന അവസരമെന്ന് സോളാര്‍ കമ്മീഷന്‍. കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാവേണ്ടിയിരുന്നതിനാല്‍ സരിത ഇന്നലെ കമ്മീഷനില്‍ ഹാജരായിരുന്നില്ല. സരിത 30ന് കമ്മീഷനില്‍ ഹാജരാവാത്തപക്ഷം അവരുടെ ക്രോസ് വിസ്താരം അവസാനിപ്പിച്ച് തുടര്‍നടപടികളിലേക്കു കടക്കുമെന്ന് സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. സരിതയുടെ ഫോണ്‍കോള്‍ ഡീറ്റെയില്‍സ് അടങ്ങിയ സിഡിആര്‍ എടുപ്പിക്കണമെന്ന പോലിസ് അസോസിയേഷന്റെ ഹരജി പരിഗണിക്കല്‍ കമ്മീഷന്‍ നാളത്തേക്കു മാറ്റിവച്ചു. നേരത്തെ സരിതയുടെ മൂന്ന് നമ്പരുകളില്‍ 2012 മെയ് മുതല്‍ 2013 ജൂണ്‍ മാസംവരെയുള്ള ഫോണ്‍ ഡീറ്റെയില്‍സ് കമ്മീഷനില്‍ ഡിജിപി ഹാജരാക്കിയിരുന്നതാണ്. എന്നാല്‍, പോലിസ് അസോസിയേഷന്റെ ഹരജിയില്‍ കൂടുതല്‍ എന്തുവിവരങ്ങളാണ് വേണ്ടതെന്നതു സംബന്ധിച്ചു വ്യക്തതയില്ലാത്തതിനാലാണ് പെറ്റീഷന്‍ പരിഗണിക്കല്‍ നാളത്തേക്കു മാറ്റിയത്. ഇതിനിടെ, തന്റെ പേഴ്‌സണല്‍ ഡയറി കമ്മീഷനില്‍ ഹാജരാക്കാനാവില്ലെന്നു കാണിച്ച് സരിതയുടെ അഭിഭാഷകന്‍ കമ്മീഷനില്‍ ഹരജി സമര്‍പ്പിച്ചു. ഇതും നാളെ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. ടെന്നി ജോപ്പന്റെ അഭിഭാഷക ഇന്നലെ കമ്മീഷനില്‍ ഹാജരാവാതിരുന്നതിനാല്‍ ജോപ്പന്റെ ഇ-മെയില്‍ പരിശോധിക്കുന്നതു സംബന്ധിച്ച വാദം കേള്‍ക്കലും നാളത്തേക്കു മാറ്റി. മാധ്യമങ്ങള്‍ക്കു മുന്നില്‍ സോളാര്‍ കമ്മീഷന്‍ നടപടികള്‍ എകപക്ഷീയമാണെന്ന രീതിയില്‍ പരാമര്‍ശം നടത്തിയ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍(എഐഎല്‍യു) സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിന്റെ അഭിഭാഷകന്‍ കമ്മീഷനില്‍ ഹരജി സമര്‍പ്പിച്ചു. ഹരജി പരിഗണിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് 10(എ) പ്രകാരം അഡ്വ. ബി രാജേന്ദ്രന് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടു. അനര്‍ട്ടിന്റെ പ്രോഗ്രാം ഓഫിസറായ എന്‍ രാജേഷില്‍ നിന്ന് കമ്മീഷന്‍ നാളെ മൊഴിയെടുക്കും.
Next Story

RELATED STORIES

Share it