സരിതയെ അറിയില്ലെന്ന് സോളാര്‍ കമ്മീഷനില്‍ എബ്രഹാം കലമണ്ണില്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ അറിയില്ലെന്ന് മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം കലമണ്ണിലിന്റെ മൊഴി. മുഖ്യമന്ത്രിക്കുവേണ്ടി സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ എബ്രഹാം മൊഴി നല്‍കി.
മൗണ്ട് സിയോണ്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജില്‍ എന്‍ആര്‍ഐ സീറ്റ് വേണമെന്നാവശ്യപ്പെട്ട് സരിതയുടെ ഡ്രൈവര്‍ വിനുകുമാറാണ് തന്നെ വിളിച്ചത്. കഴിഞ്ഞവര്‍ഷം വിനു എന്‍ആര്‍ഐ സീറ്റിനായി നേരിട്ടുവന്നു കണ്ടു. ഒരു കുട്ടിക്ക് നേരിട്ട് അഡ്മിഷന്‍ ലഭിച്ചുവെങ്കിലും വിനു അവരില്‍ നിന്നും 50,000 രൂപ കമ്മിഷനായി വാങ്ങി. ഈ പണം കോളജാണ് കുട്ടിയുടെ അച്ഛന് തിരിച്ചുനല്‍കിയത്. വിനുവില്‍ നിന്നും ഇതിന്റെ പേരില്‍ ചെക്ക് ഒപ്പിട്ട് വാങ്ങിയിട്ടുണ്ടെന്നും എബ്രാഹം പറഞ്ഞു. ഇക്കാര്യമാണ് വിനുകുമാറുമായി സംസാരിച്ചതെന്നും അദ്ദേഹം മൊഴി നല്‍കി.
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാന്‍ എബ്രഹാം കലമണ്ണിലിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് സരിത മൊഴി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ 30 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുമായി അടുത്ത പരിചയമുള്ള തനിക്ക് അദ്ദേഹത്തെ സരിത പരിചയപ്പെടുത്തി തരേണ്ട ആവശ്യമില്ലെന്നും എബ്രഹാം മറുപടി നല്‍കി. എബ്രഹാം കലമണ്ണിലും വിനുകുമാറും തമ്മിലുള്ള കൂടിക്കാഴ്ച എന്ന പേരില്‍ സരിത ഹാജരാക്കിയിരുന്ന ദൃശ്യങ്ങള്‍ കമ്മീഷന്‍ കാണിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ശരിവച്ച എബ്രഹാം ശബ്ദം തന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും വ്യക്തമാക്കി.
ഹൈക്കോടതി ജഡ്ജി പോലും മക്കളുടെ മെഡിക്കല്‍ പ്രവേശനത്തിനായി മെഡിക്കല്‍ കോളജ് ഉടമയെ വീട്ടില്‍ പോയി കാണേണ്ടിവരുന്ന ഇക്കാലത്ത് എന്‍ആര്‍ഐ സീറ്റിനെക്കുറിച്ച് സംസാരിക്കാന്‍ മെഡിക്കല്‍ കോളജ് ഉടമ അങ്ങോട്ടുപോയി എന്നത് അവിശ്വസനീയമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it