സരിതയുടെ വിവാദ കത്ത് പുറത്ത്;  മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണങ്ങളുമായി സോളാര്‍ കേസ് പ്രതി സരിതാ എസ് നായരുടെ വിവാദ കത്ത് പുറത്ത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിെച്ചന്ന് കത്തില്‍ പറയുന്നു.
2013 ജൂലൈ 19ന് കസ്റ്റഡിയില്‍ വച്ച് സരിത എഴുതിയ കത്താണ് ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടത്. 25 പേജുള്ള ഈ കത്തിനെച്ചൊല്ലി സോളാര്‍ കേസിന്റെ നാള്‍വഴികളിലുടനീളം വന്‍ വിവാദമുണ്ടായിരുന്നു. കത്ത് താനെഴുതിയതാണെന്നും പെരുമ്പാവൂര്‍ പോലിസ് തന്നെ കസ്റ്റഡിയിലെടുത്തപ്പോള്‍ എഴുതിയ കത്താണിതെന്നും സരിത സമ്മതിച്ചു. എറണാകുളം എസിജെഎം കോടതിയില്‍ കൊടുക്കാനായിരുന്നു ഈ കത്തെഴുതിയതെന്നും സരിത പറയുന്നു. കത്തില്‍ പറയുന്ന കാര്യം നിഷേധിക്കുന്നില്ലെന്നും അപമാനം മൂലമാണ് ഈ കത്ത് താന്‍ സോളാര്‍ കമ്മിഷനു നല്‍കാതിരുന്നതെന്നും സരിത മാധ്യമങ്ങളോട് വ്യക്തമാക്കി.
തന്നെ സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത മുഖ്യമന്ത്രിക്ക് ലക്ഷ്മി എന്ന സരിതയെ ഇപ്പോള്‍ അറിയുന്നുണ്ടാവില്ലെന്നും ഉമ്മന്‍ചാണ്ടിയെ അഭിസംബോധന ചെയ്യുന്ന കത്തില്‍ പറയുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും മുഖ്യമന്ത്രി ബിനാമി പേരില്‍ ഭൂമി വാങ്ങിയിട്ടുണ്ടെന്നും പറയുന്നു. സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കുവേണ്ടി സ്ഥലം വാങ്ങാന്‍ കൂട്ടുനിന്നിട്ടുണ്ട്. വല്ലാര്‍പാടം അടക്കമുള്ള സ്ഥലങ്ങളില്‍ ഭൂമി സംബന്ധമായ ഇടപാടുകള്‍ നടന്നു. ഭൂമി സംബന്ധിച്ച എഴുത്ത് ഇടപാടുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. കോടികളുടെ ഇടപാടുകളാണ് നടന്നത്.
ഒരു സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വച്ച് മുന്‍ കേന്ദ്രമന്ത്രി തന്നെ ബലാത്സംഗം ചെയ്‌തെന്ന ഗുരുതരമായ വെളിപ്പെടുത്തലും സരിതയുടെ കത്തിലുണ്ട്. സോളാര്‍ പദ്ധതിക്ക് ആവശ്യമായ സഹായം നല്‍കാമെന്നു പറഞ്ഞാണ് മന്ത്രി തന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത്. തന്നോടൊപ്പം തന്റെ ജിഎം അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഗേറ്റില്‍ രണ്ടു കാവല്‍ക്കാര്‍ ഉണ്ടായിരുന്നു. തന്നോടു മാത്രം അകത്തേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടതനുസരിച്ചു ചെന്നു. അവിടെ മന്ത്രിയല്ല, മറിച്ച് ഒരു കേന്ദ്രമന്ത്രിയായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് താന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്നും സരിത കത്തില്‍ പറയുന്നു. ബിജു രാധാകൃഷ്ണനെതിരേയും ഷാലു മേനോനെക്കുറിച്ചും സരിത കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തനിക്കെതിരേ മാത്രമാണ് ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുന്നത്. നഷ്ടങ്ങളെന്നും തനിക്ക് മാത്രമായിരുന്നെന്നും കത്തില്‍ പറയുന്നു.
അതേസമയം, സരിതാ നായരുടെ കത്തിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സരിതയുടെ നീക്കത്തിനു പിന്നില്‍ ഗൂഢശക്തികളാണ്. മറ്റു പലശക്തികളും സര്‍ക്കാറിനെതിരേ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് പുതിയ കത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it