സരിതയുടെ വിവാദ കത്ത്; നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: സരിത എസ് നായരുടെ വിവാദ കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സരിതയുടെ വെളിപ്പെടുത്തലുകള്‍ക്കും കത്തിനും പിന്നില്‍ വന്‍ശക്തികളുടെ ഗൂഢാലോചനയുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ ശക്തമായ നടപടി കൊണ്ട് ഇവിടെ നഷ്ടമുണ്ടായ ബാറുടമകളിലെ ഒരുവിഭാഗവും യുഡിഎഫ് തോറ്റാല്‍ നേട്ടമുണ്ടാവുന്നവരുമാണ് ആരോപണത്തിനു പിന്നില്‍. സരിതയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദുഃഖിക്കേണ്ടിവരും. ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാം. ഇന്ന് കേരളത്തില്‍ നടക്കുന്നത് ഇതാണ്. ആരോപണവും യാഥാര്‍ഥ്യവും രണ്ടാണ്. ഇതുതമ്മിലുള്ള ബന്ധമാണ് ജനങ്ങള്‍ കണക്കിലെടുക്കുന്നത്. ഈ പറയുന്നതില്‍ ഒരുശതമാനം ശരിയുണ്ടെങ്കില്‍ ഗുരുതരമായ സ്ഥിതിയാണ്. ആരോപണവും അതിലെ യാഥാര്‍ഥ്യവുമാണ് ജനം നോക്കുന്നത്. ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ടിട്ടുള്ള വ്യക്തിയാണ് താന്‍. ആ സ്ഥാനം താനാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കത്തില്‍ മുഖ്യമന്ത്രിയെക്കുറിച്ചു പരാമര്‍ശമില്ലെന്നു കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ജയില്‍ ഡിജിപിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
സോളാര്‍ കമ്മീഷനില്‍ ബിജു ക്രോസ് ചെയ്തപ്പോഴും സരിത ഇക്കാര്യം നിഷേധിച്ചിരുന്നു. കത്തുവന്നത് യുഡിഎഫിന്റെ സാധ്യതകള്‍ തെളിഞ്ഞുവരുന്ന സാഹചര്യത്തിലാണ്. ഈ സരിതയല്ലേ മുഖ്യമന്ത്രി പിതൃതുല്യനെന്നു പറഞ്ഞത്. ഇതുകൊണ്ടൊന്നും യുഡിഎഫിനെ തളര്‍ത്താന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥിപ്പട്ടിക ഉടന്‍ പ്രഖ്യാപിക്കും. നേതാക്കള്‍ തമിഴ്‌നാട്ടിലാണ്. അവര്‍ തിരിച്ചെത്തിയശേഷം ഇന്ന് പ്രഖ്യാപനമുണ്ടാവും. തങ്ങളുടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എല്ലാവരും തിരിച്ചുപോന്നു. ഹൈക്കമാന്‍ഡാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അനുകൂലമായി ജനവികാരമുണ്ടാവുന്ന സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുക. മാധ്യമങ്ങളിലാണ് വിവാദങ്ങളെല്ലാം വരുന്നത്. തങ്ങളുടെ ചര്‍ച്ചയില്‍ അങ്ങനെയൊന്നുമില്ല.
140 സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക എന്നത് ഒരാളുടെ മാത്രം ചുമതലയല്ല. കേരളത്തിലെ എല്ലാ യുഡിഎഫുകാരുടെയും ചുമതലയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആത്മാര്‍ഥമായ ഇടപെടല്‍ പാര്‍ട്ടിക്ക് ഗുണംചെയ്യും. മന്ത്രിസഭാ തീരുമാനം കൂട്ടായെടുക്കുന്നതാണ്. അതിന്റെ പേരില്‍ അടൂര്‍ പ്രകാശിനെ മാത്രം ഒറ്റപ്പെടുത്താന്‍ താന്‍ അനുവദിക്കില്ല. സീറ്റിന്റെ കാര്യത്തില്‍ തനിക്ക് പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടാണ് തിരിച്ചെത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it