palakkad local

സരിതയുടെ മൊഴി; കേസെടുക്കും മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണം: പിണറായി വിജയന്‍

ആനക്കര (പാലക്കാട്): സരിത സോളാര്‍ കമ്മീഷന് മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതി കേസെടുക്കും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നവകേരളയാത്രക്ക് പാലക്കാട് ജില്ലയിലെ കൂറ്റനാട് നല്‍കിയ ആദ്യസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ഘട്ടമായി ഒരുകോടി 90 ലക്ഷം രൂപ കോഴനല്‍കിയെന്ന് സോളാര്‍ കമ്മീഷന്‍ മുമ്പില്‍ സരിത എസ് നായര്‍ മൊഴി നല്‍കിയിരിക്കുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദ് 40 ലക്ഷം കോഴ വാങ്ങിയെന്നും സരിത മൊഴി നല്‍കി. ബാര്‍കോഴയില്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നത്. കെ എം മാണിക്കെതിരെ അന്വേഷണമാകാമെന്നാണെങ്കില്‍ കെ ബാബുവിനെതിരെ അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കാനാണ് നീക്കം. കാരണം ഉമ്മന്‍ചാണ്ടിയറിയാതെ ബാബു കോഴ വാങ്ങില്ല എന്നതുതന്നെയാണ്. അതുകൊണ്ട് ഉമ്മന്‍ചാണ്ടി ഉടനെ രാജിവെക്കണം അദ്ദേഹം പറഞ്ഞു. മന്ത്രിസഭ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാലേമുക്കാല്‍ വര്‍ഷം കൊണ്ട് കേരളത്തില്‍ വികസനമൊന്നും നടന്നില്ലെങ്കിലും മുഖ്യമന്ത്രി ഉള്‍പ്പെടെയുളള മന്ത്രിമാര്‍ സ്വന്തം കീശവീര്‍പ്പിക്കുന്ന വികസനമാണ് നടത്തിയത്. നവകേരള മാര്‍ച്ചില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ ഒന്നായ അഴിമതിരഹിത കേരളം എന്തുകൊണ്ട് യാഥാര്‍ഥ്യമാകണം എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന വാര്‍ത്തകളാണ് അനുദിനം വരുന്നതെന്നും ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിന് രാജി നല്‍കേണ്ടിവന്നത് അതിലൊന്നാണും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നുണപരിശോധനക്ക് തയ്യാറുണ്ടോ എന്ന് ഒരു ഹര്‍ജിക്കാരന്റെ അഭിഭാഷകന് ചോദിക്കേണ്ടി വന്നപ്പോള്‍ നമ്മുടെ നാടാണ് അപമാനിക്കപ്പെട്ടത്. കേരളത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് രാവിലെ 11 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ അഴിമതി കേസില്‍ വിസ്താരത്തിന് ഇരുന്നുകൊടുക്കേണ്ടി വന്നത്. സരിത നായരെ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് അക്കാര്യം തിരുത്തി പറയേണ്ടി വന്നു. എന്നാല്‍ ശ്രീധരന്‍ നായരും സരിതയും ഒന്നിച്ച് ഉമ്മന്‍ചാണ്ടിയെ കണ്ടുവെന്ന് എഡിജിപി ഹേമചന്ദ്രന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് തെറ്റാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. തോമസ് കുരുവിള സരിതയയെ ഡല്‍ഹിയില്‍ കാണാന്‍ അവസരമൊരുക്കികൊടുത്തെന്ന് പറഞ്ഞതും ഉമ്മന്‍ചാണ്ടിക്ക് ഓര്‍മ്മയില്ല.
ഒരു പരിചയവുമില്ലാത്ത ബിജു രാധാകൃഷ്ണനെ മൈ ഡിയര്‍ ആര്‍ ബി നായര്‍ എന്ന് അഭിസബോധന ചെയ്ത് കത്തെഴുതിയ ആളാണ് ഉമ്മന്‍ചാണ്ടി. അതേകുറിച്ചുള്ള കമ്മീഷന്റെ ചോദ്യത്തിനും ഉമ്മന്‍ചാണ്ടിക്ക് മറുപടിയില്ല. ബാര്‍ കോഴയില്‍ ഇതിനകം രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. ഇനി രാജിവെക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണ്-പിണറായി പറഞ്ഞു.ഡോ.വി സേതുമാധവന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it