സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി ചാംപ്യന്‍ഷിപ്പ്; കേരളത്തിന് അഞ്ചു വിക്കറ്റ് ജയം

കൊച്ചി: ഏഴാമത് സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി ടൂര്‍ണമെന്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് അഞ്ചു വിക്കറ്റ് ജയം. കൊച്ചിയിലെ സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സചിന്‍ ബേബി കശ്മീരിനെ ബാറ്റിങിന് അയക്കുകയായിരുന്നു. തുടക്കം മുതല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ കേരളാ ബൗളര്‍മാര്‍ കശ്മീര്‍ ബാറ്റിങ് നിരയെ 126 റണ്‍സിനു വരിഞ്ഞുകെട്ടി.
റൈഫി വിന്‍സെന്റ് ഗോമസ് രണ്ടും സന്ദീപ് വാര്യര്‍, പ്രശാന്ത് പരമേശ്വരന്‍, ജഗദീഷ് എന്നിവ ര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അര്‍ധസെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ഉപനായകന്‍ രോഹന്‍ പ്രേമും റൈഫിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലെത്തിച്ചത്. കശ്മീര്‍ ഉയര്‍ത്തിയ 127 റണ്‍സിന്റെ വിജയലക്ഷ്യം എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ കേരളം മറികടന്നു. രോഹന്‍ പ്രേമിന്റെ അര്‍ധസെഞ്ച്വറിയാണ് (54 പന്തില്‍ പുറത്താവാതെ 59, ആറു ബൗണ്ടറി, ഒരു സിക്‌സര്‍) കേരളത്തിന് വിജയം സമ്മാനിച്ചത്. റൈഫി 22 പന്തില്‍ 22 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഇന്ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ മല്‍സരം.
യുവരാജ് മങ്ങി; പഞ്ചാബിന് തോല്‍വി
രാജസ്ഥാന്‍ പഞ്ചാബിനെ നാലു വിക്കറ്റിന് തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ യുവരാജ് സിങ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം നിറം മങ്ങിയതാണ് മല്‍സരത്തില്‍ പഞ്ചാബിന് തിരിച്ചടിയായത്. ഒന്നര വര്‍ഷത്തിനുശേഷമാണ് യുവരാജ് ദേശീയ ട്വന്റി ടീമിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ ആറു വിക്കറ്റിന് 130 (മന്‍ദീപ് സിങ് 52 പന്തില്‍ 76*, ഗുരീന്ദര്‍ സിങ് 28 പന്തില്‍ 29*), രാജസ്ഥാന്‍ 19.4 ഓവറില്‍ ആറു വിക്കറ്റിന് 133 (ആര്‍ കെ ബിഷ്‌ണോയ് 32 പന്തില്‍ 58, യാഗ്‌നിക് 18 പന്തില്‍ 23).
ആറാം വിക്കറ്റില്‍ മന്‍ദീപ് സിങ്-ഗുരീന്ദര്‍ സിങ് സഖ്യം നേടിയ 78 റണ്‍സാണ് പഞ്ചാബ് സ്‌കോര്‍ 130ല്‍ എത്തിച്ചത്. യുവരാജ് രണ്ട് റണ്‍സ് നേടി പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ രണ്ട് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു.
Next Story

RELATED STORIES

Share it