wayanad local

സമ്മിശ്ര കൃഷിയിലൊരു 'സുകുമാര' കല

കല്‍പ്പറ്റ: മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് മൂന്നാം വര്‍ഡിലെ ചെമ്പരത്തിക്കുന്ന് സുകുമാരന്‍ വേറിട്ട കൃഷിയിലൂടെ ശ്രദ്ധേയനാവുന്നു. 70 സെന്റ് സ്ഥലത്ത് കാപ്പിക്ക് ഇടവിളയായി കാന്താരി മുളകാണ് കൃഷി. എഫ്എസിടിയില്‍ നിന്നു വിരമിച്ചതിനു ശേഷം കൃഷിയിലേക്ക് തിരിയുകയായിരുന്നു.
കര്‍ഷകര്‍ ആധുനിക കൃഷിരീതികളും മറ്റും തേടി പോവുമ്പോള്‍ ഇതിനെല്ലാം തിരുത്തായി കാന്താരി കൃഷിയില്‍ ലാഭം കൊയ്യുകയാണ് ഇദ്ദേഹം. ഒരു ചെടി രണ്ടു വര്‍ഷം വരെ നിലനില്‍ക്കും. മഴക്കാലത്തേക്കാള്‍ കൂടുതല്‍ വിള വേനല്‍ക്കാലത്ത് ലഭിക്കുമെന്നു സുകുമാരന്‍ പറഞ്ഞു.
ഓരോ 15 ദിവസവും ഇടവിട്ട് വിളവെടുപ്പ് നടത്താം. ഒരു വര്‍ഷം ശരാശരി 150 കിലോ വരെ കാന്താരി മുളക് ലഭിക്കുന്നുണ്ട്. ജൈവവളമാണ് കൃഷിക്കുപയോഗിക്കുന്നത്. കാന്താരി സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ആയുസ്സ് കൂടുമെന്നും ഹൃദ്രോഹം, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നു സുകുമാരന്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ കിലോയ്ക്ക് 300 രൂപയാണ് വിപണിവില.
തൈരിലിട്ട് ഉണക്കിയും അച്ചാറിട്ടും വിവിധ രൂപത്തില്‍ വിപണിയില്‍ എത്തിക്കാറുണ്ട്. മൂന്നു തരത്തിലുള്ള കാന്താരി മുളക് കൃഷി ചെയ്യുന്നുണ്ട് ഇദ്ദേഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുളക് കൃഷിയെക്കുറിച്ച് പഠിക്കാന്‍ കര്‍ഷകര്‍ സുകുമാരനെ തേടിയെത്തുന്നു.
വാഴ, ചോളം, ചെണ്ടുമല്ലി കൃഷികളിലും ഇദ്ദേഹം വിജയം കൊയ്യുന്നു. പശു, ആട്, കോഴി, താറാവ് എന്നിവയെയും വളര്‍ത്തുന്നു. ഭാര്യ സുമിത്രയും മൂന്നു മക്കളും സഹായത്തിനുണ്ട്.
Next Story

RELATED STORIES

Share it