Districts

സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഫലം കണ്ടില്ല; യുഡിഎഫ് നിലപാട് തിരിച്ചടിയായി

തിരുവനന്തപുരം: രാജിക്ക് മുന്നോടിയായി പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍ കേരളാ കോണ്‍ഗ്രസ്(എം) നടത്തിയെങ്കിലും ഫലം കണ്ടില്ല. സര്‍ക്കാര്‍ താഴെപ്പോയാലും രാജിയില്‍ നിന്നും പിന്നോട്ടുപോവാനാവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസും ഘടകകക്ഷികളും ഉറച്ചുനിന്നതോടെയാണ് മാണിയും നിലപാട് മാറ്റിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുന്നണി മാറ്റത്തിന് വഴി തുറന്നിട്ടില്ലാത്തതിനാല്‍ യുഡിഎഫിന് വഴങ്ങുകയെന്ന മാര്‍ഗം മാത്രമെ മാണിക്ക് മുന്നിലുണ്ടായിരുന്നുള്ളൂ.

രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണി ഉയര്‍ത്താനായിരുന്നു ഇന്നലെ രാവിലെ കേരളാ കോണ്‍ഗ്രസിലെ ആലോചന. മാണിയെ പിന്തുണയ്ക്കുന്ന അഞ്ച് എംഎല്‍എമാരെ പിന്‍വലിച്ച് സര്‍ക്കാരിന്റെ അംഗബലം 73ല്‍ നിന്നും 68ലേക്ക് മാറ്റി നിലനില്‍പ്പിന് ഭീഷണിയുണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. പി ജെ ജോസഫ് വിഭാഗത്തേയും ഒപ്പം നിര്‍ത്താന്‍ മാണി പരമാവധി ശ്രമിച്ചെങ്കിലും സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനില്ലെന്ന് പി ജെ ജോസഫും മോന്‍സ് ജോസഫും ടി യു കുരുവിളയും അറിയിച്ചതോടെ ആദ്യ പ്രഹരമേറ്റു.
എന്തു ഭീഷണി നേരിട്ടാലും രാജി ആവശ്യത്തില്‍ നിന്നു പിന്നാക്കമില്ലെന്ന് യുഡിഎഫും വ്യക്തമാക്കിയതോടെ മാണിവിഭാഗത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. അവസാനശ്രമമെന്ന നിലയിലാണ് പി ജെ ജോസഫിനോടു കൂടി തനിക്കൊപ്പം രാജിവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതുവഴി പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന ബോധ്യമുണ്ടാക്കി ശക്തിതെളിയിക്കാനായിരുന്നു ശ്രമം. എന്നാല്‍, കുറ്റാരോപിതനായ മാണിക്കു വേണ്ടി താന്‍ രാജിവയ്ക്കുന്നതില്‍ എന്തു പ്രസക്തിയാണ് ഉള്ളതെന്നായിരുന്നു പി ജെ ജോസഫിന്റെ ചോദ്യം.
കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു മുന്നോടിയായി ഇന്നലെ രാവിലെ പി ജെ ജോസഫ് വിഭാഗം പ്രത്യേകം യോഗം ചേര്‍ന്ന് രാജിവേണ്ടെന്ന് തീരുമാനിച്ചിരുന്നു. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം പി ജെ ജോസഫിനെ രാജിയില്‍ പങ്കാളിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് മാണി ശ്രമിച്ചതോടെ ഭിന്നത രൂക്ഷമായി. പി ജെ ജോസഫ് ഇടഞ്ഞതോടെ യുഡിഎഫ് പിന്തുണയുമായി എത്തിയതും മാണിക്ക് വെല്ലുവിളിയായി. അതിനിടെ, മുഖ്യമന്ത്രിയുടെ സന്ദേശവുമായി കെ സി ജോസഫ് പി ജെ ജോസഫിനെ കാണാനെത്തി. രാജിവയ്‌ക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് കെ സി ജോസഫ് നല്‍കിയത്. വൈകീട്ട് ഏഴോടെ രാജിക്കാര്യം അറിയാന്‍ മാണി ഫോണില്‍ വിളിച്ചപ്പോഴും രാജിക്കില്ലെന്ന് ജോസഫ് ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ കാലാവധി ആറുമാസം ശേഷിക്കെ എന്തിനാണ് തന്റെ രാജിയെന്ന് ജോസഫ് ചോദിച്ചു. മാണിക്കെതിരായ ആരോപണത്തിന്റെ പേരില്‍ താന്‍ ബലിയാടാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാണി ഇടഞ്ഞാലും സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള നീക്കമെന്ന നിലയില്‍ ജോസഫ് ഗ്രൂപ്പിനെ ഒപ്പം നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മുന്നണിക്കുള്ളില്‍ നിന്നും പി ജെ ജോസഫിന് ഉറച്ച പിന്തുണയുണ്ടെന്ന ബോധ്യമാണ് മാണിയെ സമ്മര്‍ദ്ദത്തിലാക്കിയത്.
Next Story

RELATED STORIES

Share it