സമ്മര്‍ദ്ദവുമായി നേതാക്കള്‍; ജോണി നെല്ലൂര്‍ യുഡിഎഫില്‍ മടങ്ങിയെത്തും

തിരുവനന്തപുരം: അങ്കമാലി സീറ്റ് നല്‍കാത്തതിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍സ്ഥാനവും യുഡിഎഫ് ഉന്നതാധികാരസമിതി അംഗത്വവും രാജിവച്ച ജോണി നെല്ലൂര്‍ യുഡിഎഫിലേക്ക് മടങ്ങിവന്നേക്കും.
ജോണി നെല്ലൂരിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം ഫലംകണ്ടതായാണു സൂചന. ജേക്കബ് വിഭാഗം നേതാക്കളും അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. സീറ്റിനു തുല്യമായ സ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിട്ടുണ്ട്. യുഡിഎഫിനു പുറത്തുപോയശേഷം കോതമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള ജോണി നെല്ലൂരിന്റെ ശ്രമം വിജയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലും ജോണി നെല്ലൂരിനെ തിരിച്ചുകൊണ്ടുവരണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.
കേരളാ കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങളല്ല, മറിച്ച് യുഡിഎഫിന്റെ അവഗണനകൊണ്ടാണ് ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു ജേക്കബ് വിഭാഗം നേതാക്കള്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജോണി നെല്ലൂരുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ല. പിന്നീട് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ജോണിയുമായി സംസാരിച്ചു. പാര്‍ട്ടിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ ഡെയ്‌സി ജേക്കബ് മുഖേനയും ചര്‍ച്ച നടത്തി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാമെന്ന് ഡെയ്‌സി ഉറപ്പുനല്‍കി. ഇതോടെ ജോണി നെല്ലൂര്‍ നിലപാട് മയപ്പെടുത്തി. ജോണി നെല്ലൂരിന് മടങ്ങിവരുന്നതില്‍ തടസ്സമില്ലെന്നും ചര്‍ച്ച നടത്തുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
Next Story

RELATED STORIES

Share it