സമ്മര്‍ദ്ദം; പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാന്‍ യുവതി തയ്യാറായി

ചെന്നൈ: കുട്ടിക്കാലത്ത് പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി യുവതി തയ്യാറായി. ഇതോടെ കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഒഴിവാക്കി കോടതി വെറുതെവിട്ടു. കഴിഞ്ഞമാസം 29നാണ് കടലൂര്‍ മഹിളാ കോടതിയില്‍ ഹാജരായ യുവതി പ്രതിയായ മോഹനെ വിവാഹം ചെയ്തുവെന്നും പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നും രേഖകള്‍ സഹിതം ബോധിപ്പിച്ചത്. ഇരുവരം ഒരുമിച്ച് താമസിക്കുകയാണെന്നുകൂടി അറിയിച്ചതോടെ കോടതി യുവാവിനെ വെറുതെവിടുകയായിരുന്നു.
2008ല്‍ 15 വയസ്സുള്ളപ്പോള്‍ മോഹന്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു വിരുതാചലം ഗ്രാമത്തിലെ യുവതി നല്‍കിയ കേസ്. പീഡനത്തെ തുടര്‍ന്ന് യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. 2014ല്‍ മോഹന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കടലൂര്‍ മഹിളാ കോടതി ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. ഡിഎന്‍എ പരിശോധനയുള്‍പ്പെടെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയായിരുന്നു വിചാരണ കോടതിയുടെ വിധി.
എന്നാല്‍, കഴിഞ്ഞ ജൂണില്‍ മോഹന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ഡി ദേവദാസ് കുറ്റവാളിയെ വിവാഹം ചെയ്തു ഒരുമിച്ച് ജീവിച്ചുകൂടെയെന്ന് യുവതിയോട് ചോദിച്ചതോടെയാണ് കേസ് വിവാദമായത്. തന്റെ ഇത്രയും കാലത്തെ വേദന മനസ്സിലാക്കാതെയാണ് ജഡ്ജി പെരുമാറുന്നതെന്നായിരുന്നു അന്ന് യുവതിയുടെ പ്രതികരണം. പീഡനത്തിനിരയാവുമ്പോള്‍ പെണ്‍ക്കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ മോഹന്‍ നല്‍കിയ മറ്റൊരു ഹരജിയില്‍ ഒക്ടോബറില്‍ വാദം കേട്ട ജഡ്ജി എ ശെല്‍വം ജീവപര്യന്തം ശിക്ഷ റദ്ദാക്കി. പ്രായപൂര്‍ത്തിയായ യുവതിയുമായി സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്നും പ്രതി വാദിച്ചു. വിചാരണക്കോടതി വയസ്സ് തെളിയിക്കുന്ന രേഖകള്‍ പരിശോധിക്കാതെയും ഇരയുടെ വാമൊഴി മാത്രം കണക്കിലെടുത്തുമാണ് ശിക്ഷ വിധിച്ചതെന്നും ജസ്റ്റിസ് ശെല്‍വം നിരീക്ഷിച്ചു. യുവതിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പ്രോസിക്യുഷന്‍ ഹാജരാക്കിയെങ്കിലും ജഡ്ജി മുഖവിലക്കെടുത്തില്ല. വിചാരണ നടന്ന കടലൂര്‍ മഹിളാ കോടതിയിലേക്ക് കേസ് മടക്കിയ ഹൈക്കോടതി ഇരയുടെ വയസ്സ് കൃത്യമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് യുവതിയോട് കേസ് ഒത്തുതീര്‍ക്കാന്‍ മോഹന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.
നിരന്തരം കോടതി കയറിയിറങ്ങി മനംമടുത്താണ് യുവതി മോഹനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവതിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി വിധിയില്‍തന്നെ അവരുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. ജോലിയില്ലാത്ത തനിക്ക് ഭാരമാവേണ്ടെന്ന് കരുതിയാണ് സഹോദരി തീരുമാനം മാറ്റിയത്. ശിക്ഷയില്‍നിന്ന് ഒഴിവാകുക മാത്രമാണ് മോഹന്റെ ലക്ഷ്യമെന്നും സഹോദരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it