സമ്പന്നരുടെ ഇന്ത്യ; ദരിദ്രരുടെ ഇന്ത്യ

കെ എസ് ഹരിഹരന്‍

നല്ലദിനങ്ങളെക്കുറിച്ചുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനങ്ങള്‍ ഇതിനകം തന്നെ രാഷ്ട്രീയരംഗത്തുള്ളവര്‍ക്കു തമാശയ്ക്കുള്ള പ്രയോഗമായി മാറിത്തീര്‍ന്നിട്ടുണ്ട്. നരേന്ദ്രമോദി ഭരണത്തില്‍ ഏതു സാമൂഹികവിഭാഗമാണ് നല്ലദിനങ്ങള്‍ ആസ്വദിക്കുന്നതെന്നതു സംബന്ധിച്ചാണ് വിമര്‍ശനമുയരുന്നത്. നരേന്ദ്രമോദിയുടെ ഇന്ത്യയിലെ നല്ലദിനങ്ങള്‍ അനുഭവിക്കുന്നവരെ സംബന്ധിച്ച് 2016 ഫെബ്രുവരി എട്ടിന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വാര്‍ത്ത പ്രസിദ്ധീകരിക്കുകയുണ്ടായി. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകള്‍ എഴുതിത്തള്ളുന്ന കിട്ടാക്കടം സംബന്ധിച്ചുള്ളതാണ് ഈ വാര്‍ത്ത. ഇന്ത്യയിലെ പ്രമുഖമായ 10 കോര്‍പറേറ്റ് കമ്പനികള്‍ക്കു ലഭിക്കുന്ന മഹാഭാഗ്യത്തെക്കുറിച്ചാണ് വാര്‍ത്തയിലെ പരാമര്‍ശം. എസ്സാര്‍, റിലയന്‍സ്, അഡാഗ്, അദാനി, ജിഎംആര്‍, ജിവികെ, ലാന്‍കോ ജെയ്പി, ജെഎസ്ഡബ്ല്യു, വീഡിയോകോണ്‍, വേദാന്ത എന്നീ കോര്‍പറേറ്റുകളാണ് ഗുണഭോക്താക്കള്‍.
2015 ഒക്ടോബറില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ ഇന്ത്യയില്‍ 7,33,545 കോടി രൂപയാണ് നിലവിലുള്ള കിട്ടാക്കടം എന്നാണ് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തുന്നത്. 2013ലേതിനേക്കാള്‍ 16 ശതമാനം വര്‍ധനയാണ് കിട്ടാക്കടത്തിന്റെ കാര്യത്തിലുള്ളത്. 2013ല്‍ 6,31,024 കോടിയായിരുന്നു ഇത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 11,14,000 കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കടം.
വിവിധ ബാങ്കുകള്‍ എഴുതിത്തള്ളിയ കിട്ടാക്കടത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ ക്രോഡീകരിക്കാം:
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 21,313 കോടി
പഞ്ചാബ് നാഷനല്‍ ബാങ്ക്- 6,587 കോടി
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- 2,109 കോടി
ഐഡിബിഐ ബാങ്ക്- 1,609 കോടി
ബാങ്ക് ഓഫ് ബറോഡ- 1,564 കോടി
സിന്‍ഡിക്കേറ്റ് ബാങ്ക്- 1,527 കോടി
കനറാ ബാങ്ക്- 1,472 കോടി
യൂക്കോ ബാങ്ക്- 1,401 കോടി
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ- 1,386 കോടി
രാജ്യസ്‌നേഹിയാവുന്നതിനായി പാചകവാതകത്തിന്റെ സബ്‌സിഡി വേണ്ടെന്നുവയ്ക്കുന്ന മഹാത്യാഗികളായ ഇടത്തരക്കാര്‍ക്ക് ആവേശം പകരേണ്ടതാണ് രാജ്യത്തെ വിവിധ ബാങ്കുകളുടെ മഹാത്യാഗം. നരേന്ദ്രമോദിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന അദാനി, അംബാനി തുടങ്ങിയവര്‍ രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിച്ച് തങ്ങളുടേതാക്കിമാറ്റുന്നതിന്റെ പരസ്യവെളിപ്പെടുത്തലാണ് യഥാര്‍ഥത്തില്‍ ദേശസാല്‍കൃത ബാങ്കുകള്‍ കിട്ടാക്കടം എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള വിശദാംശങ്ങള്‍.
ഇനി ഇന്ത്യയുടെ മറ്റൊരു ചിത്രത്തെക്കുറിച്ച് ചിന്തിക്കാം. അത് ദരിദ്രരുടെ ഇന്ത്യയാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ചയുടെ ഫലമായി ആത്മഹത്യചെയ്ത ഇന്ത്യന്‍ കര്‍ഷകരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു എന്ന വാര്‍ത്തയ്‌ക്കൊപ്പം വിദര്‍ഭയിലും മറാത്ത്‌വാഡയിലും കാര്‍ഷിക ആത്മഹത്യകള്‍ തുടരുന്നു എന്ന വാര്‍ത്ത കൂടി കാണേണ്ടതുണ്ട്. വിദര്‍ഭയിലും മറാത്ത്‌വാഡയിലും ഈ പ്രതിസന്ധി രൂക്ഷമാണെന്നേയുള്ളൂ. ഗ്രാമീണ ഇന്ത്യയില്‍ എല്ലായിടത്തും ഈ പ്രശ്‌നം ഗുരുതരമായി തുടരുകയാണ്. മോദിയുടെ വിഖ്യാതമായ ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ യഥാര്‍ഥ ചിത്രം വെളിപ്പെടുത്തിയ പട്ടേല്‍ പ്രക്ഷോഭത്തിന്റെപോലും അടിവേരുകള്‍ എത്തിനില്‍ക്കുന്നത് കാര്‍ഷികമേഖലയിലെ തകര്‍ച്ചയിലാണ്.
ഇന്ത്യന്‍ ജിവീതാവസ്ഥയില്‍ ആഗോളവല്‍ക്കരണ സാമ്പത്തിക നടപടികള്‍ സൃഷ്ടിച്ചിട്ടുള്ള തകര്‍ച്ചയുടെ ചിത്രം ദാരിദ്ര്യം സംബന്ധിച്ച് തയ്യാറാക്കിയ സി രംഗരാജന്‍ റിപോര്‍ട്ടില്‍ ദൃശ്യമാണ്. ദാരിദ്ര്യരേഖയുടെ അടിസ്ഥാന സൂചികയായ പ്രതിമാസ ആളോഹരിവരുമാനം ഗ്രാമങ്ങളില്‍ 972 രൂപയും നഗരങ്ങളില്‍ 1,407 രൂപയുമായാണ് രംഗരാജന്‍ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത്. അഞ്ചുപേരടങ്ങുന്ന കുടുംബത്തിന്റെ പ്രതിമാസ വരുമാനം ഗ്രാമങ്ങളില്‍ 4,860 രൂപയും നഗരങ്ങളില്‍ 7,035 രൂപയുമെന്നാണു കണക്കാക്കിയത്.
ഗ്രാമീണ ഇന്ത്യയില്‍ 30.9 ശതമാനവും നഗരങ്ങളില്‍ 26.4 ശതമാനവും പേരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. ഗ്രാമീണരില്‍ 260.5 ദശലക്ഷവും നഗരവാസികളില്‍ 102.5 ദശലക്ഷവും ദാരിദ്ര്യരേഖയ്ക്കടിയില്‍ കഴിയുന്നു. ഇന്ത്യയിലാകെ 363 ദശലക്ഷം പേര്‍ ദാരിദ്ര്യരേഖയ്ക്കു ചുവടെ ജീവിക്കുന്നവരാണ് എന്ന് രംഗരാജന്‍ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.
റിസര്‍വ് ബാങ്ക് കിട്ടാക്കടം എഴുതിത്തള്ളി സഹായമെത്തിക്കുന്ന 10 കോര്‍പറേറ്റ് ഭീമന്മാരാണ് ഇന്ത്യന്‍ രാഷ്ട്രീയ-സാമ്പത്തിക ഘടനയെ ഉള്ളംകൈയിലിട്ട് അമ്മാനമാടുന്നവര്‍. ദരിദ്രനാരായണന്മാരായ 36 കോടിയിലധികം വരുന്ന ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയമായോ സാമ്പത്തികമായോ ശബ്ദമൊന്നുമില്ല. ഇത്രയേറെ ദരിദ്രരുള്ള ഇന്ത്യയില്‍ രാഷ്ട്രീയ പരിവര്‍ത്തനത്തിനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ കഴിയാതെപോവുന്നതെന്തുകൊണ്ടെന്ന് ഇടതുപക്ഷത്തിന് ചിന്തിക്കാവുന്നതാണ്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ കണക്കെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ഥ്യത്തിലേക്കു വിരല്‍ചൂണ്ടാന്‍ സഹായിക്കുന്നതാണ്. പരമ്പരാഗത ഇടതുപക്ഷമുള്‍പ്പെടെ ആഗോളവല്‍ക്കരണനയങ്ങളെ സ്വാഭാവികവും സ്വീകാര്യവുമായ ഒന്നായി കണക്കിലെടുത്തു എന്നതാണ് ഇതിലേറ്റവും വിചിത്രമായ കാര്യം. യഥാര്‍ഥത്തില്‍ ഇടതുപക്ഷത്തിന്റെ ചെറുത്തുനില്‍പ്പു രാഷ്ട്രീയത്തിന് വലിയ സാധ്യതകള്‍ തുറന്നുകിട്ടുമായിരുന്ന ഒരു ഘട്ടത്തിലായിരുന്നു ഈ കീഴടങ്ങല്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ എല്ലാ വിഭാഗങ്ങളും ക്രമാനുഗതമായ തകര്‍ച്ചയെ മുഖാമുഖം കണ്ടതിന്റെ അടിസ്ഥാന കാരണം ആഗോളവല്‍ക്കരണനയങ്ങളെ ധീരമായി ചെറുത്തുതോല്‍പ്പിക്കുന്നതില്‍ പുലര്‍ത്തിയ അലംഭാവമാണ്. പരമ്പരാഗത ഇടതുപക്ഷത്തിന് ഭരണാധികാരം കൈവന്ന പശ്ചിമബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ നയസമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തിയ അലംഭാവമാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയത്. അതിനാല്‍ തന്നെ മറ്റൊരു വഴിയില്ല എന്ന സന്ദേശം നല്‍കാനാണ് ഇന്ത്യന്‍ ഇടതുപക്ഷം ഉല്‍സാഹിച്ചത്. ആഗോളവല്‍ക്കരണനയങ്ങളുടെ ഫലമായി രൂപപ്പെട്ട പാപ്പരീകരണത്തിന്റെ ഇരകളോട് ശക്തമായ ചെറുത്തുനില്‍പ്പുപോരാട്ടത്തില്‍ അണിചേരാന്‍ ആവശ്യപ്പെടാനുള്ള ധാര്‍മികബലമാണ് ഇതിലൂടെ ഇന്ത്യന്‍ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത്.
ഇന്ത്യന്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയുടെ ഭീതിജനകമായ ഫലം നഗരങ്ങളിലേക്കു കുടിയേറുന്ന ചെറുകിട കര്‍ഷക-കര്‍ഷകത്തൊഴിലാളികളുടെ എണ്ണപ്പെരുപ്പമാണ്. എവിടെയും വേരുകളില്ലാത്തതും പ്രത്യേകിച്ച് ലക്ഷ്യമില്ലാത്തതുമായ ലക്ഷക്കണക്കിന് തൊഴിലാളികളുടെ യാത്രയാണിത്. അസംഘടിതരായ ഈ തൊഴിലാളിവിഭാഗങ്ങള്‍ നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നു. യൂറോപ്പില്‍ കാര്‍ഷികവ്യവസ്ഥയുടെ തകര്‍ച്ചയുടെ കാലത്ത് ദൃശ്യമായതുപോലെ ജിപ്‌സികളെപ്പോലെ ഊരുചുറ്റുന്ന ഈ തൊഴിലാളിവിഭാഗം പുതിയ ഇന്ത്യയിലെ രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. നഗരങ്ങളിലെ ഇടത്തരക്കാരുടെ സൈ്വരജീവിതം തകര്‍ക്കുന്ന ഈ ഗ്രാമീണ ഇന്ത്യക്കാര്‍ വരുംകാലത്ത് സൃഷ്ടിക്കാനിടയുള്ള രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ദീപാങ്കുര്‍ ഗുപ്തയെപ്പോലുള്ള സാമൂഹികശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. സാമൂഹിക സംഘര്‍ഷങ്ങളുടെ പരമ്പരയാണ് ഇന്ത്യന്‍ നഗരങ്ങളെയും ഗ്രാമങ്ങളെയും കാത്തിരിക്കുന്നത് എന്നാണ് പലരും പ്രവചിക്കുന്നത്. കൂട്ടപ്പലായനങ്ങളും കൂട്ടക്കുരുതികളും ആസന്നയാഥാര്‍ഥ്യമാണെന്നാണ് സാമൂഹികസംഘര്‍ഷങ്ങളുടെ പെരുപ്പം സൂചിപ്പിക്കുന്നത്. സംഘപരിവാരം മുന്‍കൈയെടുത്ത് നടപ്പാക്കുന്ന വര്‍ഗീയവല്‍ക്കരണത്തിന്റെ അജണ്ട ലക്ഷ്യമിടുന്നതും ഇക്കൂട്ടരെയാണ്. അസഹിഷ്ണുത ഒരു രാഷ്ട്രീയായുധമാക്കപ്പെടുമ്പോള്‍ പേരുകളില്ലാത്ത മനുഷ്യര്‍ക്കാണ് വലിയ വില നല്‍കേണ്ടിവരുക.

(കടപ്പാട്: ജനശക്തി, മാര്‍ച്ച് 2016)
Next Story

RELATED STORIES

Share it