സമുദ്ര മല്‍സ്യസമ്പത്ത് കുറയുന്നത് അശാസ്ത്രീയ മല്‍സ്യബന്ധനം മൂലം: മന്ത്രി

കൊച്ചി: സമുദ്ര മല്‍സ്യസമ്പത്ത് കുറഞ്ഞു വരുന്നത് അനിയന്ത്രിതവും അശാസത്രീയവുമായ മല്‍സ്യബന്ധന രീതികള്‍ മൂലമാണെന്ന് ഫിഷറീസ് മന്ത്രി കെ ബാബു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) ലോക ഫിഷറീസ് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മല്‍സ്യമേഖലക്ക് ഭീഷണിയായ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തടയുന്നതോടൊപ്പം ദോഷകരമായ മല്‍സ്യബന്ധനരീതികള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള വ്യവസായവല്‍ക്കരണം മല്‍സ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വ്യവസായ ശാലകളില്‍ നിന്നും നഗരങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ജലാശയങ്ങളെ മലിനീകരിക്കുന്നത് മല്‍സ്യങ്ങള്‍ക്ക് ഭീഷണിയാണ്. സംസ്ഥാനം മുന്നേറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തിന് കുഫോസ് മുന്‍കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. കുഫോസിന്റെ മൂന്നാമത് ഫിഷറീസ് അവാര്‍ഡ് ജേതാക്കള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. എറണാകുളം ജില്ലയിലെ എടവനക്കാട് സ്വദേശി കെ എ പൈലി കണക്കശ്ശേരിക്കാണ് മികച്ച പരമ്പരാഗത മല്‍സ്യത്തൊഴിലാളിക്കുള്ള പുരസ്‌കാരം ലഭിച്ചത്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ തിരുത്തൂര്‍ സ്വദേശി പാടമ്മത്തുമ്മല്‍ വീട്ടില്‍ പി ഡി ജെന്‍സന്‍ മികച്ച മല്‍സ്യ കര്‍ഷകനായും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഫിഷറീസ് ശാസ്ത്രജ്ഞനുള്ള പുരസ്‌കാരം ഡോ കെ ഗോപകുമാറും മികച്ച ഫിഷറീസ് വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് കുഫോസിലെ എംഎഫ്എസ്‌സി വിദ്യാര്‍ഥിയായിരുന്ന ശാലിനി ഗോപിയും മന്ത്രിയില്‍ നിന്നു സ്വീകരിച്ചു. കുഫോസ് ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായ ഡോ വി എന്‍ സഞ്ജീവന്‍, അന്‍വര്‍ ഹാഷിം, ഫിഷറീസ് ശാസ്ത്രജ്ഞന്‍ ഡോ സുനില്‍ മുഹമ്മദ്, ഡോ. ഡെയ്‌സി സി കാപ്പന്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ കെ പത്മകുമാര്‍, കുമ്പളം പഞ്ചായത്ത് പ്രസിഡണ്ട് ഷെര്‍ലി ജോര്‍ജ്, ഡോ എം കെ സജീവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it