സമാന്തര പാതയില്‍ വാഹനം തടഞ്ഞ സംഭവം; ഡിവൈഎസ്പിക്ക് വീഴ്ച പറ്റിയതായി എസ്പിയുടെ റിപോര്‍ട്ട്

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ സമാന്തര പാതയില്‍ വാഹനം തടഞ്ഞത് സംബന്ധിച്ച് ചാലക്കുടി ഡിവൈഎസ്പി കെ കെ രവീന്ദ്രന് വീഴ്ച പറ്റിയതായി റിപോര്‍ട്ട്. റൂറല്‍ എസ്പി കാര്‍ത്തിക്കാണ് ഐജിക്ക് റിപോര്‍ട്ട് നല്‍കിയത്. ഡിവൈഎസ്പിയുടെ പരിശോധന ചട്ടവിരുദ്ധമെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് സ്വദേശി ഹരി റാം എന്ന കാര്‍ യാത്രക്കാരനോട് ഡിവൈഎസ്പി ടോള്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. സമാന്തരപാത നാട്ടുകാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്. മറ്റുള്ളവര്‍ ടോള്‍ നല്‍കി ദേശീയപാതയിലൂടെ പോവണമെന്നുമാണ് ഡിവൈഎസ്പി ആവശ്യപ്പെട്ടത്.
ഡിവൈഎസ്പി കാര്‍ തടഞ്ഞതും പ്രകോപനപരമായി സംസാരിച്ചതും സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതോടെ ചാലക്കുടി ഡിവൈഎസ്പിയുടെ അന്യായ നടപടിക്കെതിരേ പൊലിസിലെ ഉന്നതതല വൃത്തങ്ങള്‍ അന്വേഷണം തുടങ്ങി. സംഭവം വിവാദമായതോടെയാണ് അന്വേഷണ റിപോര്‍ട്ട് ഐജിക്ക് കൈമാറിയത്. പരാതിക്കാരന്‍ ഹരി റാമില്‍ നിന്നും തൃശൂര്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ആരാഞ്ഞു. ആഭ്യന്തരമന്ത്രി, ഡിജിപി, പോലിസ് കംപ്ലയിന്റ് അതോറിറ്റി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്നിവര്‍ക്കും പരാതി അയച്ചിട്ടുണ്ട്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ ഹരി റാം എറണാകുളത്ത് നിന്നു പാലക്കാട്ടേക്ക് പോവുന്നതിനിടെ കഴിഞ്ഞ ഏഴിന് രാത്രി പത്തോടെയാണ് സംഭവം.
പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമാന്തരമായുള്ള സര്‍വീസ് റോഡില്‍വച്ചാണ് ഔദ്യോഗിക വാഹനത്തില്‍ മഫ്ടിയില്‍ എത്തിയ ഡിവൈഎസ്പി കാര്‍ തടഞ്ഞത്. ചാലക്കുടി ഡിവൈഎസ്പിയെന്ന് സ്വയം പരിചയപ്പെടുത്തിയ കെ കെ രവീന്ദ്രന്‍ സമാന്തര പാതയിലൂടെ പോവുന്നതിനെ ചോദ്യം ചെയ്തു. ഇതു പഞ്ചായത്ത് റോഡാണെന്നും നാട്ടുകാര്‍ക്കുമാത്രം ഉപയോഗിക്കാനുള്ളതാണെന്നും ഡിവൈഎസ്പി ഹരി റാമിനോട് പറഞ്ഞു. പബ്ലിക് റോഡ് എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും ടാക്‌സ് അടയ്ക്കുന്നുണ്ടെന്നും ഹരി റാം ഡിവൈഎസ്പിയോടു പറഞ്ഞു. ഇതോടെ വാഹനം പാര്‍ക്ക് ചെയ്ത് ഒറിജിനല്‍ രേഖകള്‍ ഹാജരാക്കന്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടു.
ലൈസന്‍സ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അടക്കമുള്ള എല്ലാ രേഖകളും കാണിക്കുകയും ലൈസന്‍സിന്റെ ഒറിജിനല്‍ പത്തുദിവസത്തിനകം ഹാജരാക്കാമെന്ന് ഹരി റാം അറിയിക്കുകയും ചെയ്‌തെങ്കിലും ആര്‍സി ബുക്കിന്റെ ഒറിജിനല്‍ ബലമായി ഡിവൈഎസ്പി പിടിച്ചുവാങ്ങിയെന്ന് ഹരി റാം പരാതിയില്‍ പറയുന്നു. ആര്‍സി ബുക്ക് പിടിച്ചെടുത്തത് രേഖാമൂലം എഴുതിതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപനപരമായ വാക്കുകള്‍ പ്രയോഗിക്കുകയായിരുന്നുവെന്നും ഇതെല്ലാം വീഡിയോയിലുണ്ടെന്നും ആവശ്യമെങ്കില്‍ കൈമാറാമെന്നും ഹരി റാം അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it