സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പൂട്ടി

കൊച്ചി: നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പൂട്ടി. നടത്തിപ്പുകാരന്‍ കസ്റ്റഡിയില്‍. എറണാകുളം നോര്‍ത്തില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ മറവിലാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയിരുന്നത്.
എക്‌സ്‌ചേഞ്ച് നടത്തിപ്പുകാരനായ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിഹാബിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യക്കു പുറത്തുനിന്നു നാട്ടിലേക്ക് കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കുന്നതിനായി വിദേശത്തു പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ ഈ സ്ഥാപനവുമായി ചേര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ വലയില്‍ വീഴ്ത്തിയാണ് തട്ടിപ്പു നടത്തിയിരുന്നത്. വിദേശത്തു നിന്ന് നാട്ടിലേക്കു വരുന്ന ഇന്റര്‍നെറ്റ് കോളുകള്‍ ലോക്കല്‍ കോളുകളാക്കിയായിരുന്നു തട്ടിപ്പ്. വിദേശത്തെ ഏജന്‍സികളുമായി ബന്ധപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഇവര്‍ ഒരു രഹസ്യ നമ്പര്‍ നല്‍കും. ഈ നമ്പരില്‍ നിന്നും വിദേശത്തു നിന്നും വരുന്ന കോളുകള്‍ വായ്പ് എന്ന ഡിവൈസുമായി ബന്ധപ്പെടുത്തി ലോക്കല്‍ കോളുകളാക്കി മാറ്റിയാണ് ടെലിഫോണ്‍ സേവനദാതാക്കളെ കബളിപ്പിച്ചിരുന്നത്.
ഉപയോക്താക്കളില്‍ നിന്നു ശേഖരിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം തുക ഏജന്‍സികള്‍ വീതിച്ചെടുക്കുന്നു. ഇന്റര്‍ നാഷനല്‍ ടെലിഫോണ്‍ ലൈസന്‍സില്ലാതെ നിയവിരുദ്ധമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് മോണീറ്റര്‍ സെല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി രഘുനന്ദന്‍ പറഞ്ഞു. വിദേശത്തുനിന്നു വരുന്ന 120ലധികം കോളുകള്‍ ഒരേ സമയം സ്വീകരിക്കാവുന്ന സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നതായും ദിവസേന ആയിരത്തിലധികം കോളുകള്‍ സ്ഥാപനം വഴി കൈമാറിയിരുന്നതായി സംശയിക്കുന്നതായും റെയ്ഡില്‍ പങ്കെടുത്ത നോര്‍ത്ത് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it