Kerala

സമരമുഖത്ത് ആവേശമായി വിഎസ്

സമരമുഖത്ത് ആവേശമായി വിഎസ്
X
munnar-vs-protest-__small

മുന്നാര്‍: നേതാക്കളോട് മുഖംതിരിച്ച മൂന്നാര്‍ സമരമുഖത്ത് ആവേശമായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മൂന്നാറിലെ ടാറ്റയുടെ ആധിപത്യത്തിനെതിരേ എന്നും പോരാട്ടം നടത്തിയ വി എസ് ഒരിക്കല്‍ക്കൂടി മലകയറിയെത്തിയപ്പോള്‍ എട്ടുദിവസമായ സമരത്തിന് അമരക്കാരനെത്തിയ തോന്നലായിരുന്നു സമരക്കാരിലെല്ലാം. അന്‍പാന തമിഴ് മക്കളേ എന്ന സംബോധനയോടെയാണ് വി എസ് സമരക്കാരെ അഭിവാദ്യം ചെയ്തത്. അതിനു വന്‍തോതിലുയര്‍ന്ന കരഘോഷമായിരുന്നു മറുപടി.അതേസമയം, സമരവേദിയിലേക്ക് ആദ്യമായെത്തിയ മന്ത്രി പി കെ ജയലക്ഷ്മി അടക്കമുള്ള കോണ്‍ഗ്രസ് വനിതാ നേതാക്കളെ വരവേറ്റത് സ്ത്രീതൊഴിലാളികളുടെ രോഷമായിരുന്നു.

ആര്‍.എം.പി. നേതാവ് കെ കെ രമയ്ക്ക് സമരവേദിയില്‍ കടക്കാനായത് വി എസിന്റെ സഹായത്താലാണ്. ജില്ലാ സെക്രട്ടറി അടക്കമുള്ള സി.പി.എം. നേതാക്കളാരും വി എസിന്റെ വരവ്് അറിഞ്ഞ മട്ടുകാണിച്ചില്ല. തൊട്ടപ്പുറത്ത്് നിരാഹാരം കിടക്കുന്ന സ്ഥലം എം.എല്‍.എ. എസ് രാജേന്ദ്രനെ കാണാന്‍ വി എസ് പോയതുമില്ല. മണിക്കൂറുകളോളം വി എസ് സമരപ്പന്തലില്‍ ഇരുന്ന് പ്രക്ഷോഭകര്‍ക്ക് കരുത്തുപകര്‍ന്നു.11 മണിയോടെ സമരപ്പന്തലിലെത്തിയ വി എസിനെ ആരവങ്ങളോടെയാണ് തൊഴിലാളികള്‍ വരവേറ്റത്. കൈയുയര്‍ത്തി അഭിവാദ്യം ചെയ്തശേഷം കസേരയിലിരുന്ന വി എസ് എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ചു. സര്‍ക്കാരും കമ്പനിയും നിങ്ങളുടെ തീരുമാനം അംഗീകരിക്കും വരെ ഈ സമരത്തില്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാവും.

കടുത്ത മനുഷ്യാവകാശലംഘനമാണ് ടാറ്റ നിങ്ങളോട് നടത്തുന്നത്. കൈയേറ്റക്കാരായ ടാറ്റയില്‍നിന്ന് 14,000 ഏക്കര്‍ ഭൂമി വീണ്ടെടുത്ത് നിങ്ങളുടെ പാര്‍പ്പിടാവശ്യത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും നല്‍കി നവീന മൂന്നാര്‍ ഒരുക്കാനാണ് എല്‍.ഡി.എഫ്. തീരുമാനിച്ചത്. യു.ഡി.എഫ്. സര്‍ക്കാര്‍ ഇത് അട്ടിമറിച്ച്് കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തു. അടുത്ത എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കും. വി എസിന്റെ വാക്കുകള്‍ സമരക്കാര്‍ ഹൃദയത്തിലേറ്റുവാങ്ങി. ഇടയ്ക്ക് പലരും വി എസിന് അടുക്കലെത്തി പരിദേവനങ്ങള്‍ പറഞ്ഞു. എല്ലാം ക്ഷമയോടെ കേട്ട വി എസ് എല്ലാത്തിനും പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി.ഇന്നലെ രാവിലെ സമരവേദിയില്‍ ആദ്യമായെത്തിയത് കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷാണ്. പിന്നാലെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയും ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരനും വന്നു. ഒപ്പം ഇരിക്കാന്‍ തുനിഞ്ഞ അവര്‍ക്കുനേരെ സ്ത്രീകള്‍ ശകാരവര്‍ഷം ചൊരിഞ്ഞു. ഇതോടെ നേതാക്കള്‍ പുറത്തേക്ക്. അല്‍പ്പസമയം കഴിഞ്ഞെത്തിയ കെ കെ രമയ്ക്കും ഇതേ അനുഭവം.ഉച്ചഭക്ഷണംപോലും ഉപേക്ഷിച്ച് വി എസ് സമരമുഖത്ത് ഇരിക്കുമ്പോഴാണ് വന്‍ പോലിസ് അകമ്പടിയോടെ പട്ടികവിഭാഗ ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിയുടെ വരവ്. മന്ത്രിയാണെന്നറിഞ്ഞതോടെ സ്ത്രീകള്‍ ക്ഷുഭിതരായി. തടയാനെത്തിയ പോലിസുകാരും അറിഞ്ഞു പെണ്‍രോഷത്തിന്റെ ചൂട്.

മുദ്രാവാക്യത്തിന്റെ ചൂട് അടങ്ങിയപ്പോള്‍ മന്ത്രി ജയലക്ഷ്മി മാധ്യമങ്ങളോട് സംസാരിച്ചു. രാത്രി 8.20ന് ആലുവയില്‍നിന്ന് സമരം ഒത്തുതീര്‍ന്നതായുള്ള മുഖ്യമന്ത്രിയുടെ ഫോണ്‍കോള്‍ മന്ത്രി പി കെ ജയലക്ഷ്മിക്ക് എത്തി. മന്ത്രി ഇക്കാര്യം വി എസിനെ അറിയിച്ചതോടെ 8.24ന് സമരം വിജയിച്ചെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആഹ്ലാദാരവം മുഴങ്ങുന്നതിനിടയില്‍ എല്ലാവര്‍ക്കും വണക്കം പറഞ്ഞ് 10 മണിക്കൂറോളം നീണ്ട ഇരിപ്പ് അവസാനിപ്പിച്ച് വി എസ് സമരവേദി വിട്ടു. അല്‍പ്പസമയത്തിനുള്ളില്‍ സി.പി.എം. എം.എല്‍.എ. എസ് രാജേന്ദ്രനും നിരാഹാരം അവസാനിപ്പിച്ചു. രാജേന്ദ്രനെ കണ്ടശേഷമാണ് വി എസ് മടങ്ങിയത്. റോഡില്‍ ആഹ്ലാദനൃത്തം ചവിട്ടിയാണ് സമരവിജയം തൊഴിലാളികള്‍ ആഘോഷിച്ചത്.
Next Story

RELATED STORIES

Share it