സമരപ്പന്തലില്‍ നിന്നു കുട്ടിയെ പോലിസ് തട്ടിയെടുത്തെന്ന ഹരജി തീര്‍പ്പാക്കി

കൊച്ചി: സെക്രട്ടേറിയറ്റിന് മുമ്പിലെ സമരവേദിയില്‍ നിന്ന് പോലിസ് തട്ടിയെടുത്ത കുട്ടിയെ വിട്ടുനല്‍കണമെന്ന മാതാവിന്റെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത ഒമ്പതുകാരിയായ പെണ്‍കുട്ടിയെ വിട്ടുനല്‍കണമെന്ന ഹരജിയാണ് കോടതി തീര്‍പ്പാക്കിയത്. സെക്രട്ടേറിയറ്റ് പോലിസ് സ്‌റ്റേഷനിലെ എസ്‌ഐയും സംഘവും കൊണ്ടു പോയ തന്റെ മകളെ ഇതുവരെ വിട്ടു നല്‍കിയിട്ടില്ലെന്നും കുട്ടിയെ വിട്ടുനല്‍കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ശകുന്തളയാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയത്.
സ്പിരിറ്റ് മാഫിയക്കാരുടെ വാഹനത്തിനു കടന്നുപോവാന്‍ വഴി വിട്ടു നല്‍കാത്തതിന്റെ പേരില്‍ ഹരജിക്കാരിയും ഭര്‍ത്താവും കുട്ടിയും കഴിയുന്ന വീട്ടിലെത്തി അതിക്രമം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഹരജിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പോലിസ് മേധാവികള്‍ക്കു പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടുകയോ നടപടിയെടുക്കുകയോ ചെയ്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ശകുന്തള ഭര്‍ത്താവ് സുകുമാരനും കുട്ടിക്കുമൊപ്പം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ആരംഭിച്ചത്. ഇതിനിടെ കുട്ടിയെ കൊണ്ടുപോയെന്നാണു ഹരജിക്കാരിയുടെ പരാതി. എന്നാല്‍ കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ശിശു അവകാശ സംരക്ഷണ സമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കുട്ടിയെ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. സമരം ചെയ്യുന്ന മാതാപിതാക്കള്‍ക്കൊപ്പം വിദ്യാഭ്യാസം ലഭിക്കാതെയും സുരക്ഷിതമല്ലാതെയും തെരുവില്‍ കഴിയുന്ന കുട്ടിയെ അവിടെനിന്നു രക്ഷിക്കാന്‍ നടപടിയെടുക്കാന്‍ സമിതി നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ സമരപ്പന്തലില്‍ നിന്ന് ഏറ്റെടുത്ത് ശ്രീചിത്ര പുവര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു. ആര്യ സെന്‍ട്രല്‍ സ്‌കൂളില്‍ കുട്ടി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന നിയമപ്രകാരം അരക്ഷിതാവസ്ഥയിലുള്ള കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ നിയമപരമായി അധികാരമുള്ള സംഘടനയുടെ സംരക്ഷണയിലാണു കുട്ടി ഇപ്പോഴുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജി തീര്‍പ്പാക്കിയത്.
Next Story

RELATED STORIES

Share it