Alappuzha local

സമരത്തെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കി

വണ്ടാനം: വേനല്‍ കടുത്തതോടെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 2, 18 വാര്‍ഡിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും കുടിവെള്ളം കിട്ടാക്കനിയായി.
അധികാരികളെ സമീപിച്ചു പലപ്രാവശ്യം വിഷയം ഉന്നയിച്ചിട്ടും പരിഹാരമാവാത്തതില്‍ പ്രതിഷേധിച്ചു വാര്‍ഡ് മെംബര്‍മാരായ ഷീജാ നൗഷാദ്, രാജേശ്വരി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആലപ്പുഴ വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. വിഷയത്തില്‍ അടിയന്തര പരിഹാരം മൂന്നു ദിവസങ്ങള്‍ക്കകം നല്‍കാമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു.
വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ സുനീര്‍ വണ്ടാനം, ആശാപ്രദീപ്, രാജലക്ഷ്മി, നൗഷാദ്, ഫൈസല്‍ നേതൃത്വം നല്‍കി. നിരവധി സ്ത്രീകള്‍ പങ്കെടുത്തു.
ആറുമാസമായി കുടിവെള്ള വിതരണം മുടങ്ങിക്കിടക്കുന്നതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലാണ്. പ്രദേശത്തെ കുടിവെള്ള വിതരണ പൈപ്പുകള്‍ തകരാറിലായതാണ് കുടിവെള്ളവിതരണം മുടങ്ങാന്‍ കാരണം.
കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നിരവധി പ്രാവശ്യം നാട്ടുകാര്‍ പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടാവാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാട്ടുകാര്‍ ആലപ്പുഴ വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനീയറെ തടഞ്ഞുവയ്ക്കുകയായിരുന്നു.
സ്വാഭാവിക ജലസ്രോതസ്സുകള്‍ വറ്റിയതോടെ അടിയന്തര ആവശ്യങ്ങള്‍ക്കുപോലും പ്രദേശവാസികള്‍ക്ക് ശുദ്ധജലം കിട്ടാക്കനിയായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വട്ടപ്പായിത്ര, നാലുപാടം, തൈക്കൂട്ടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം കൂടുതല്‍. ഇവിടെ രാത്രിയില്‍ പോലും പ്രദേശവാസികള്‍ ടാപ്പിന് മുന്നില്‍ ക്യൂനില്‍ക്കുന്നത് സാധാരണമാണ്. കരുമാടി ആയുര്‍വേദ ആശുപത്രി, അമ്പലപ്പുഴ പടിഞ്ഞാറെ നട, കഞ്ഞിപ്പാടം കുറ്റുവേലി എന്നിവിടങ്ങളിലെ പമ്പ് ഹൗസുകളില്‍ നിന്നാണ് പ്രദേശത്തേക്ക് കുടിവെള്ളം വിതരണം നടക്കുന്നത്.
Next Story

RELATED STORIES

Share it