സമരം സെക്രട്ടേറിയറ്റിന് മുമ്പില്‍: പൊമ്പിളൈ ഒരുമൈ

തിരുവനന്തപുരം/കൊല്ലം: വര്‍ധിപ്പിച്ച കൂലിയും ബോണസും നല്‍കാനുള്ള പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലെ തീരുമാനം നടപ്പായില്ലെങ്കില്‍ സമരം സെക്രട്ടേറിയറ്റിന് മുമ്പിലേക്കു മാറ്റുമെന്നു പൊമ്പിളൈ ഒരുമൈ നേതാക്കള്‍ പറഞ്ഞു. മൂന്നാറില്‍ ഇനി സമരം ചെയ്യില്ല. തീരുമാനമുണ്ടാവുന്നതുവരെ സെക്രട്ടേറിയറ്റിനു മുമ്പിലായിരിക്കും സമരം. പിന്തുണയുമായെത്തുന്ന ആരുമായും കൂട്ടുകൂടുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, തോട്ടം മേഖലയില്‍ തീരുമാനിച്ച കൂലി തന്നെ നടപ്പാക്കുമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. സര്‍ക്കാരിനെയും ജനങ്ങളെയും വെല്ലുവിളിക്കുകയാണെങ്കില്‍ കേരളത്തില്‍ തോട്ടം നടത്താനാവില്ല. മുഖ്യമന്ത്രിയുടെയും തൊഴിലാളി സംഘടനകളുടെയും സാന്നിധ്യത്തിലാണു കൂലി സംബന്ധിച്ചു കാരാറിലെത്തിയത്. ബോണസ് ആക്റ്റ് പ്രകാരമുള്ളതാണു ബോണസ്. അതില്‍ നിന്നു പിന്‍മാറാന്‍ സാധിക്കില്ല. കൂലിയുടെ കാര്യത്തില്‍ ധാരണയുണ്ടാക്കിയതില്‍ നിന്നു പിന്‍മാറുകയാണെങ്കില്‍ തോട്ടം നടത്തിക്കൊണ്ടുപോവാനാകില്ല. ഇതിനെതിരേ എന്തു നടപടിയെടുക്കണമെന്നു സര്‍ക്കാരിന് അറിയാം. നിലപാടില്‍ നിന്നു തോട്ടം ഉടമകള്‍ പിന്‍മാറിയാല്‍ ബദല്‍ സംവിധാനം ഒരുക്കും.
സര്‍ക്കാരിനെയും ജനങ്ങളെയും പറ്റിച്ചുകൊണ്ട് തോട്ടം നടത്തിക്കൊണ്ടുപോവാമെന്നു കരുതേണ്ട. സമ്മര്‍ദ്ദതന്ത്രമാണ് ഉടമകളുടേതെങ്കില്‍ അതിവിടെ വിലപ്പോവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തോട്ടം തൊഴിലാളികള്‍ക്കു വര്‍ധിപ്പിച്ച കൂലിയും ബോണസും നല്‍കാനാവില്ലെന്ന തോട്ടം ഉടമകളുടെ നിലപാട്, സര്‍ക്കാരും തോട്ടം മുതലാളിമാരും തമ്മിലുള്ള ഒത്തുകളിയാണു വെളിപ്പെടുത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു.
ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും കൂടുതല്‍ ശക്തമായ സമരങ്ങള്‍ നേരിടേണ്ടിവരുമെന്നും വിഎസ് പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൊഴിലാളികളെയും ജനങ്ങളെയും കബളിപ്പിച്ച് വോട്ടുതട്ടാനുള്ള ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും കുതന്ത്രമായിരുന്നു തൊഴിലാളി സമരത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു മുമ്പുതന്നെ തൊഴില്‍ മന്ത്രിയടക്കമുള്ളവര്‍ തോട്ടം ഉടമകള്‍ക്കുവേണ്ടി വാദിച്ചതും നാം കണ്ടതാണ്. സര്‍ക്കാരിന്റെ ഭൂമിയാണു തോട്ടം ഉടമകള്‍ കൈവശംവച്ച് തൊഴിലാളികളെ ചൂഷണംചെയ്ത് കൊള്ളലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇവരെ നിലയ്ക്കുനിര്‍ത്താനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് ഇല്ലതാനും. അതുകൊണ്ടാണു തോട്ടം ഉടമകള്‍ ഏകപക്ഷീയമായി കരാര്‍ ലംഘിക്കുന്നത്.
തോട്ടംതൊഴിലാളികളുടെ കൂലിയും അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് അന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ഇപ്പോള്‍ തോട്ടം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നൂറുശതമാനം വിദേശ നിഷേപത്തിന് അനുമതിനല്‍കിയിരിക്കുകയാണ്. ഇവിടത്തെ തോട്ടങ്ങള്‍ പ്രതിസന്ധിയിലാണെന്നു വരുത്തി പൂട്ടുകയും തുടര്‍ന്ന് അവ വിദേശശക്തികള്‍ക്കു കൈമാറുകയും ചെയ്യാനുള്ള നീക്കമാണു നടക്കുന്നത്. ഇതിനായി സര്‍ക്കാരും തോട്ടം ഉടമകളും ചേര്‍ന്ന് ഒത്തുകളി നടത്തുകയാണെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it