Idukki local

സമരം ഫലം കണ്ടു; മരിയാപുരത്ത് വീണ്ടും കൃഷി ഓഫിസറുടെ സേവനമെത്തി

തൊടുപുഴ: മരിയാപുരത്തെ കര്‍ഷകര്‍ക്ക് കൃഷി ഓഫിസറുടെ സേവനം ഇന്ന് മുതല്‍ ലഭിച്ചു തുടങ്ങും. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടങ്ങിയ സേവനമാണ് പുതിയ പഞ്ചായത്ത് 'ഭരണസമിതി സത്യാഗ്രഹ സമരത്തിലൂടെ ഇന്നലെ നേടിയെടുത്തത്.
നിവേദനങ്ങളും സമരങ്ങളും നടത്തി മടുത്തപ്പോഴാണ് പഞ്ചായത്ത് 'ഭരണസമിതി അംഗങ്ങള്‍ ഇന്നലെ തൊടുപുഴയിലെ ജില്ലാ കൃഷി ഓഫിസിനു മുമ്പില്‍ സത്യാഗ്രഹ സമരവുമായി എത്തിയത്. മിനി സിവില്‍ സ്‌റ്റേഷനു മുമ്പില്‍ രാവിലെ 10 ന് ആരംഭിച്ച സമരത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, വൈസ് പ്രസിഡന്റ് സീമോന്‍ വാസു, വികസനകാര്യ സെക്രട്ടറി ഡോളി സന്തോഷ്, ക്ഷേമകാര്യ സമതി സെക്രട്ടറി ജൂബി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ മിനി ഷാജി, ജെസി ബിജു, സിനു ഷാജി എന്നിവരും കാര്‍ഷിക വികസന സമതി അംഗങ്ങളും പങ്കെടുത്തു.
പഞ്ചായത്ത് 'ഭരണസമിതി സമരം നടത്തുന്ന വിവരം ജില്ലാ കൃഷി ഓഫിസില്‍ നിന്ന് മന്ത്രിയുടെ ഓഫിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ കൃഷി ഓഫിസറെ നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.
ജില്ലാ കൃഷി ഓഫിസില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റിന് ഉത്തരവിന്റെ കോപ്പി നല്‍കിയതോടെയാണ് ഭരണസമിതി അംഗങ്ങള്‍ സമരം അവസാനിപ്പിച്ചത്.
കാര്‍ഷിക മേഖലയായ മരിയാപുരത്ത് കഴിഞ്ഞ 5 വര്‍ഷമായി കൃഷി ഓഫിസര്‍ ഇല്ലായിരുന്നു. ഒരു അറ്റന്‍ഡറും സ്വീപ്പറും മാത്രമാണ് ഓഫിസില്‍ ഉണ്ടായിരുന്നത്. ഇതുമൂലം കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുകളാണ് അനുഭവിച്ചിരുന്നത്.
കിസാന്‍ സഭ ജില്ലാ സെക്രട്ടറി മാത്യു വര്‍ഗ്ഗീസ് തുടങ്ങി നിരവധി പേര്‍ ഭരണസമിതിയുടെ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
Next Story

RELATED STORIES

Share it