ernakulam local

സമരം പൂര്‍ണം; ജനം വലഞ്ഞു

കൊച്ചി: ഓയില്‍ കമ്പനികള്‍ ലൈസന്‍സ് പുതുക്കിനല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് നടത്തിയ സമരവും ആലപ്പുഴ അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി സംഘടനകള്‍ ആഹ്വാനം ചെയ്ത കടയടപ്പ് സമരവും ജില്ലയില്‍ പൂര്‍ണം. ഇരു കൂട്ടരുടെയും സമരത്തില്‍ ജനം വലഞ്ഞു.
ഓയില്‍ കമ്പനികള്‍ നേരിട്ടു നടത്തുന്നതും സംഘടനയില്‍ ഉള്‍പ്പെടാത്തതും സിവില്‍ സപ്ലൈസിന്റെ പമ്പുകളും മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തിച്ചത്. ഇവയാകട്ടെ നാമമാത്രവുമായിരുന്നു. തുറന്ന പമ്പുകളില്‍ മണിക്കൂറുകളോളം വന്‍ ക്യൂവാണ് അനുഭവപ്പെട്ടത്. പലയിടത്തും പെട്രോള്‍ അടിക്കാന്‍ എത്തിയവര്‍ തമ്മില്‍ പരസ്പരം വാക്കേറ്റവും ഉണ്ടായി. തുറന്ന ചില പമ്പുകളിലാവട്ടെ സ്റ്റോക്ക് തീരുകയും ചെയ്തു. ഫെബ്രുവരി 29 അര്‍ധ രാത്രിമുതലാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് അനിശ്ചിത കാല സമരം ആരംഭിച്ചത്.
ആലപ്പുഴ അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി സംഘടനകള്‍ ആഹ്വാനം ചെയ്ത കടയടപ്പ് സമരവും ജില്ലയില്‍ പൂര്‍ണമായിരുന്നു. തുണിക്കടകള്‍, ബേക്കറികള്‍, കോഫി ഷോപ്പുകള്‍, ഉള്‍പ്പെടെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ സൗത്തിലെ ജോസ് ജങ്ഷനില്‍ സമ്മേളിച്ചു. തുടര്‍ന്ന് തേവര സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി എ എം ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കൂലിയോ ശമ്പളമോ ഇല്ലാതെ ജോലി ചെയ്യുന്ന വ്യാപാരികളെ പീഡിപ്പിക്കുകയും കള്ളന്മാരാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ നേതാക്കളായ പി സി ജേക്കബ്, എം സി പോള്‍സണ്‍, ടി ബി നാസര്‍, എം ജി സോമന്‍, വ്യാപാരി സമിതി ജില്ല ജനറല്‍ സെക്രട്ടറി വാഹിദ്, സെയില്‍ ടാക്‌സ് പ്രാക്ടീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it