സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു

പെരിയ: ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ഫീസ് വെട്ടിക്കുറയ്ക്കണമെന്നും പെണ്‍കുട്ടികളില്‍ നിന്ന് ഹോസ്റ്റല്‍ ഫീസ് വാങ്ങരുതെന്നുമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വഴിത്തിരിവിലേക്ക്. രജിസ്ട്രാറേയും ഫിനാന്‍സ് ഓഫിസറേയും രജിസ്ട്രാറുടെ മുറിയില്‍ തടഞ്ഞുവച്ച വിദ്യാര്‍ഥികളെ ഇന്നലെ വൈകീട്ടോടെ ബേക്കല്‍ പോലിസ് അറസ്റ്റുചെയ്തു.
അടുത്ത ദിവസം മുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് പടന്നക്കാട് റിവര്‍ വ്യൂ കാംപസിലേയും നായന്മാര്‍മൂല കാംപസിലെയും പെരിയ തേജസ്വിനി ഹില്‍ കാംപസിലേയും വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. സമരം ഒത്തുതീര്‍ക്കാന്‍ തയ്യാറാവാതെ പോലിസിനെ കാംപസില്‍ നിയോഗിച്ച വൈസ് ചാന്‍സലറുടെ നടപടിയില്‍ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സ്റ്റൈപ്പന്റ് അടക്കം തടയുമെന്നതടക്കമുള്ള ഭീഷണികള്‍ തങ്ങള്‍ക്കെതിരെയുണ്ടെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഇന്നലെ രാവിലെ വിവിധ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യു നടക്കുന്ന ഘട്ടത്തിലാണ് വിദ്യാര്‍ഥികള്‍ രജിസ്ട്രാര്‍ കെ വി ബൈജുവിന്റെ കാബിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. കാബിനില്‍ അദ്ധ്യാപകരടക്കം നിരവധി പേരുണ്ടായിരുന്നു. വൈകീട്ട് നാലരവരെ സമരം തുടര്‍ന്ന സാഹചര്യത്തിലാണ് യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് രാവിലെ എത്തിയ പോലിസ് സംഘം കാംപസിലേക്ക് കയറി വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തത്. അറുപതോളം വിദ്യാര്‍ഥികളെ പോലിസ് സ്റ്റേഷനിലെത്തിച്ചു. ഇന്നലെ രാവിലെ തന്നെ പടന്നക്കാട് റിവര്‍ വ്യൂ കാംപസ് സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. ഇന്നുമുതല്‍ 29 വരെ സര്‍വകലാശാലയുടെ ജില്ലയിലെ കാംപസുകള്‍ മുഴുവന്‍ അടച്ചിടാനാണ് തീരുമാനം. കേന്ദ്രസര്‍വകലാശാലയിലെ സമരത്തില്‍ എബിവിപി ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ഥിസംഘടനകളും ഒരുമിച്ചിട്ടുണ്ട്. അതെസമയം, ഹോസ്റ്റല്‍, ബസ് ചാര്‍ജ് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ഫൈനാന്‍സ് കമ്മിറ്റിയാണെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. ജി ഗോപകുമാര്‍ പറഞ്ഞു.
എന്നാല്‍ പോലിസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നാണ് വിദ്യാര്‍ഥികളുടെ പക്ഷം. കാംപസില്‍ സിസി ടി വി സ്ഥാപിക്കുന്നതടക്കം സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ പിന്തുടരുന്നതെന്നും ഇവര്‍ പറയുന്നു. അച്ചടക്ക കമ്മിറ്റിയെന്ന പേരില്‍ രജിസ്ട്രാര്‍ സ്വന്തമായി ഓര്‍ഡര്‍ ഇട്ട് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും വിദ്യാര്‍ഥി പ്രതിനിധികളെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഈ കമ്മിറ്റിയുടെ മിനുട്‌സ് പരിശോധിച്ച് കമ്മിറ്റിയില്‍ എത്രപേര്‍ പങ്കെടുത്തുവെന്ന് പരിശോധിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it