സമയക്രമം പാലിക്കണമെന്ന് സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: നിയമസഭാ നടപടികളില്‍ സമയക്രമം പാലിക്കണമെന്ന് സ്പീക്കറുടെ റൂളിങ്. മുന്‍കാലങ്ങളില്‍ നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീണ്ടുപോയിട്ടുള്ളതു കണക്കിലെടുത്താണ് റൂളിങ്.
സമയക്രമം പാലിക്കുന്നതു സംബന്ധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ സമയക്രമം പാലിക്കുന്ന കാര്യം തീരുമാനിക്കാന്‍ യോഗം സ്പീക്കറെ ചുമതലപ്പെടുത്തി. രാവിലെ എട്ടര മുതല്‍ ഒമ്പതര വരെ നീളുന്ന ചോദ്യോത്തരവേള മാത്രമാണ് കഴിഞ്ഞകാലങ്ങളില്‍ കൃത്യമായി നടന്നത്. തുടര്‍ന്നു ചേരുന്ന ശൂന്യവേളയും നിയമനിര്‍മാണവും മറ്റു ചര്‍ച്ചകളും രാവോളം നീണ്ടുനിന്ന സംഭവങ്ങളുമുണ്ടായി. പുതിയ റൂളിങ് അനുസരിച്ച് രാവിലെ എട്ടരയ്ക്കു ചേരുന്ന സഭ ഉച്ചയ്ക്ക് ഒന്നരയോടെ അവസാനിപ്പിക്കണം. ഒമ്പതരയ്ക്കു തുടങ്ങുന്ന ശൂന്യവേള പത്തരയോടെ അവസാനിപ്പിക്കണം.
അടിയന്തരപ്രമേയ നോട്ടീസ് അവതരണവും തുടര്‍ന്നുള്ള നേതാക്കളുടെ പ്രസംഗങ്ങളും ചുരുക്കണം. സബ്മിഷനുകളുടെ എണ്ണം പത്തായി ചുരുക്കാന്‍ കഴിഞ്ഞ സഭയില്‍ തീരുമാനിച്ചത് ഇക്കുറിയും തുടരും. കൂടുതല്‍ സബ്മിഷനുകള്‍ അവതരിപ്പിക്കാന്‍ അനുവാദം നല്‍കില്ല. ഇത്തരം കാര്യങ്ങള്‍ക്കായി സമയം വിനിയോഗിക്കുന്നതിനാല്‍ നിയമനിര്‍മാണത്തിന് കൂടുതല്‍ സമയം കിട്ടുന്നില്ലെന്നു പരാതിയുണ്ട്. ബില്ലുകളുടെയും മറ്റു ധനകാര്യ വിഷയങ്ങളുടെയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സമയത്തില്‍ നിന്നു പ്രസംഗിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ കക്ഷിനേതാക്കളും മന്ത്രിമാരും ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
പുതിയ റൂളിങ് പ്രകാരമാണ് സഭ ഇന്നലെ നടന്നതെങ്കിലും ഒരു മണിക്കൂര്‍ വൈകിയാണ് സഭാ നടപടികള്‍ അവസാനിപ്പിക്കാനായത്. ഇതിനിടെ നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ വി എസ് അച്യുതാനന്ദന്‍ പ്രസംഗത്തിന് അഞ്ചു മിനിറ്റ് കൂടുതലെടുത്തെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍, സിപിഎം അംഗങ്ങള്‍ക്ക് അനുവദിച്ച സമയത്തില്‍ നിന്ന് അഞ്ചുമിനിറ്റ് കുറവുവരുത്തി പ്രശ്‌നം പരിഹരിച്ചു.
Next Story

RELATED STORIES

Share it