സമത്വമുന്നേറ്റയാത്ര സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റയാത്ര സമൂഹത്തില്‍ വലിയതോതില്‍ വിഭാഗീയതയുണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിമത വര്‍ഗീയ ശക്തികള്‍ക്കെതിരേ എക്കാലവും നിലകൊണ്ട ഗുരുദേവനെ സംഘപരിവാര്‍ ശക്തികളുടെ കൈകളിലെത്തിക്കാനുള്ള കുതന്ത്രമാണ് യാത്രയ്ക്കു പിന്നിലുള്ളത്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന യാത്രയെ സമൂഹം തള്ളിക്കളഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ യാത്രയ്ക്ക് കഴിയില്ല. ഇതുവരെയുള്ള യാത്രയിലെ ജനപങ്കാളിത്തം ഇത് തെളിയിക്കുന്നു. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാന്‍ കുടുംബസമേതം ഡല്‍ഹിയില്‍ പോയി അച്ചാരം വാങ്ങിക്കൊണ്ടുവന്ന് നടത്തുന്ന യാത്രയാണിത്. യാത്രയ്ക്ക് ശേഷം വെള്ളാപ്പള്ളിയുടെ കാര്‍മികത്വത്തില്‍ രൂപം കൊള്ളാന്‍ പോവുന്ന രാഷ്ട്രീയപ്പാര്‍ട്ടി കേരളത്തില്‍ ക്ലച്ചു പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും റിമോട്ട് കണ്‍ട്രോള്‍ വഴിയാണ് വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ആര്‍എസ്എസ്സിന്റെ അജണ്ടയുടെ ഭാഗമാണ് വെള്ളാപ്പള്ളിയുടെ യാത്ര. വികസനം മലപ്പുറത്തും കോട്ടയത്തുമാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ജനങ്ങളെ വര്‍ഗീയവും പ്രാദേശികവുമായി ഭിന്നിപ്പിക്കാനുള്ള സംഘപരിവാര അജണ്ടയുടെ ഭാഗമാണ്. പ്രതിപക്ഷവും ഭരണകക്ഷിയും സമത്വമുന്നേറ്റയാത്രയ്ക്ക് തടസ്സം നില്‍ക്കുന്നുവെന്ന വെള്ളപ്പള്ളിയുടെ പരിദേവനം യാത്ര പരാജയമാവുമെന്നതിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. ജാഥയെ കോണ്‍ഗ്രസ്സോ യുഡിഎഫോ ഭയക്കുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഐജി ശ്രീജിത്തിനെ അന്വേഷണ സംഘത്തില്‍നിന്ന് മാറ്റിയിട്ടില്ല. മൂന്നുദിവസത്തെ പരിശീലനത്തിനായാണ് ശ്രീജിത്ത് മാറിനിന്നത്. പോലിസ് പ്രതികളെ സംരക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it