സമത്വമുന്നേറ്റയാത്ര: യോഗക്ഷേമ സഭയില്‍ അഭിപ്രായഭിന്നത

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കുന്ന സമത്വമുന്നേറ്റയാത്രയില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി യോഗക്ഷേമസഭയില്‍ അഭിപ്രായഭിന്നത. സംസ്ഥാന ജനറല്‍ സെക്രട്ടറിയും വിവിധ ജില്ലാ കമ്മിറ്റികളുമാണ് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനെതിരേ തിരിഞ്ഞത്.
സമത്വമുന്നേറ്റയാത്രയില്‍ പങ്കെടുക്കുന്നത് സഭ കൂട്ടായെടുത്ത തീരുമാനമല്ലെന്നും പ്രസിഡന്റിന്റെ വ്യക്തിപരമായ താല്‍പര്യം മാത്രമാണ് അതിനു പിന്നിലുള്ളതെന്നും യോഗക്ഷേമസഭ ജനറല്‍ സെക്രട്ടറി മധു അരീക്കര പറഞ്ഞു. രണ്ടു ജില്ലാ ഘടകങ്ങളുടെ പിന്തുണ മാത്രമാണ് അക്കീരമണിന് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം പറയുന്നു. സംഘടനയില്‍ അഭിപ്രായഭിന്നത ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസിഡന്റ് രാജിവയ്ക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. എന്നാല്‍, രണ്ടു ജില്ലാ ഘടകങ്ങളില്‍ മാത്രമാണ് തനിക്കെതിരേ എതിര്‍പ്പുള്ളതെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു.
അതേസമയം, സംഘടനാവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യോഗക്ഷേമസഭയുടെ സംസ്ഥാന പ്രസിഡന്റിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നു സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി ജില്ലാ സെക്രട്ടറി പി എന്‍ കൃഷ്ണന്‍ പോറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വിഷയത്തില്‍ സംസ്ഥാന കമ്മിറ്റി അടിയന്തരമായി ഇടപെടണമെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതേ നിലപാട് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സ്വീകരിച്ചിട്ടുണ്ട്. വിശാല ഹിന്ദു ഐക്യത്തോട് യോഗക്ഷേമസഭയ്ക്ക് യോജിപ്പാണെങ്കിലും സമത്വമുന്നേറ്റയാത്രയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി മധു അരീക്കര വ്യക്തമാക്കി.
കാസര്‍കോട്ടു നടന്ന ഉദ്ഘാടന ചടങ്ങില്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പതാക കൈമാറി സമത്വമുന്നേറ്റയാത്രയ്ക്ക് തുടക്കം കുറിച്ചത്.
Next Story

RELATED STORIES

Share it