kasaragod local

സമഗ്ര വികസനത്തിന് മുന്‍ഗണന: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതി നടപ്പിലാക്കാന്‍ മുന്‍ഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ മീറ്റ ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. സമഗ്ര പേവിഷ ബാധ-തെരുവ് നായ്ക്കള്‍ നിയന്ത്രണ പരിപാടിക്കായി 1.31 കോടി രുപയുടെ പദ്ധതി നടപ്പിലാക്കും. ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ അദാലത്തുകള്‍ സംഘടിപ്പിക്കും. ഉല്‍പാദന മേഖല കാര്യക്ഷമമാക്കും. കൃഷിക്കും ശുദ്ധജലത്തിനും മുന്‍ഗണന നല്‍കും. യുവാക്കള്‍ക്ക് കുടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. വിധവകള്‍ക്കും വികലാംഗര്‍ക്കും പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. റോഡ്, കുടിവെള്ളം അടിസ്ഥാന സൗകര്യ വികസനം, കൃഷി എന്നിവയ്ക്കും മുന്തിയ പരിഗണന നല്‍കും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ചട്ടഞ്ചാലിലെ വ്യവസായ യൂനിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റ പണികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കും. യുഡിഎഫ് തിരഞ്ഞടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കും. ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ജില്ലാ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. കേന്ദ്ര സര്‍വകലാശാലയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളജ് ജില്ലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇതിനായി നിവേദക സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കും. കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്ത് ജില്ലയില്‍ കുടിവെള്ളം ക്ഷാമം രുക്ഷമാകുന്നത് കണക്കിലെടുത്ത് മഴവെള്ള സംഭണികള്‍ സ്ഥാപിക്കും. ഇതിനായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മഫിലിപ്പ്, സണ്ണി ജോസഫ്, രവീന്ദ്രന്‍ രാവണേശ്വരം സംബന്ധിച്ചു.
Next Story

RELATED STORIES

Share it