thrissur local

സബ് ജഡ്ജി ഇടപെട്ടു; കുഞ്ഞിമോളുടെ മനോവേദനയ്ക്ക് ആശ്വാസം

ചാവക്കാട്: മക്കളുടെ മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന അമ്മയെ മകനോടൊപ്പം താമസിപ്പിക്കാനും അഞ്ചു മക്കളുടെയും പൂര്‍ണ്ണപരിചരണവും സംരക്ഷണവും ഉറപ്പാക്കാനും സബ് ജഡ്ജിയുടെ നിര്‍ദേശം. ചാവക്കാട് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുമായ എന്‍ ശേഷാദ്രിനാഥന്റേതാണ് നിര്‍ദ്ദേശം. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു ചൊവ്വന്നൂര്‍ പുഴയ്ക്കല്‍ വീട്ടില്‍ കുഞ്ഞിമോള്‍ എന്ന അമ്മു (80) വിനെ മകന്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. നട്ടെല്ലിനും കൈയ്ക്കും ക്ഷതമേറ്റ അമ്മു ഒന്നര ആഴ്ചയോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചികില്‍സയില്‍ കഴിയുന്ന കുഞ്ഞിമോളെ ചാവക്കാട് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ പാരാ ലീഗല്‍ വളണ്ടിയര്‍ (പിഎല്‍വി) സംഘം സന്ദര്‍ശിച്ച് ജഡ്ജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് 19ന് കുന്നംകുളം പോലിസ് മക്കള്‍ അഞ്ചുപേരേയും ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. എന്നാല്‍ മക്കളുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ജഡ്ജി കഴിഞ്ഞ ദിവസം നേരിട്ട് സന്ദര്‍ശനം നടത്തി. കാര്യങ്ങള്‍ നേരില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അഞ്ചു മക്കളോടും അമ്മയുടെ പരിചരണവും സംരക്ഷണവും ഉറപ്പാക്കാനും രണ്ടാമത്തെ മകന്‍ ഷാജിക്കൊപ്പം താമസിപ്പിക്കാനും ജഡ്ജി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it