malappuram local

സബ്‌സിഡി നിഷേധിക്കുന്നതിന് എതിരേ നെല്‍കര്‍ഷകര്‍

പൊന്നാനി: സംസ്ഥാന സീഡ് കോര്‍പറേഷനില്‍നിന്ന് നെല്ല് വിത്ത് വാങ്ങാത്ത കര്‍ഷകര്‍ക്ക് വിത്ത് സബ്‌സിഡി നല്‍കില്ലെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് നടപ്പാക്കിയ തീരുമാനം നെല്‍വിത്ത് തിരഞ്ഞെടുക്കുന്നതിന് കര്‍ഷകര്‍ക്കുള്ള അവകാശത്തിന്മേലുള്ള കൈകടത്തലാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നല്ല വിത്തെറിഞ്ഞ് മികച്ച വിളവെന്ന കര്‍ഷകന്റെ സ്വപ്‌നമാണ് കൃഷിവകുപ്പിന്റെ ഈ തീരുമാനംമൂലം ഇല്ലാതാവുന്നത്. സംസ്ഥാന സീഡ് കോര്‍പറേഷനില്‍നിന്ന് വിത്ത് വാങ്ങാത്തവര്‍ക്ക് സബ്‌സിഡി നിഷേധിക്കപ്പെട്ടിരുന്നു. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയാണ് നെല്‍കര്‍ഷകന്‍ വിത്തെറിഞ്ഞ് വിളവെടുക്കുന്നത്. മിക്ക കോള്‍മേഖലയിലും ഇതാണ് സ്ഥിതി.
പൊന്നാനി കോള്‍മേഖലയിലെ നല്ലൊരു പങ്ക് കര്‍ഷകരും ഇത്തരത്തില്‍ സബ്‌സിഡി നിഷേധിക്കപ്പെട്ടവരാണ്. നിലവില്‍ കര്‍ഷകര്‍ കീടങ്ങള്‍ക്കൊപ്പം വെള്ളപ്പൊക്കത്തെയും പേടിക്കേണ്ട സ്ഥിതിയാണ്. വിതക്കുന്നതുമഴുവന്‍ കൊയ്യാന്‍ പറ്റാറില്ല. അതുകൊണ്ട് കൂടുതല്‍ ഉല്‍പ്പാദന ശേഷിയുള്ള, പ്രദേശത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച വിത്തുകളായിരുന്നു മുന്‍കാലങ്ങളില്‍ തിരഞ്ഞെടുക്കാറ്. നാഷനല്‍ സീഡ് കോര്‍പറേഷന്‍, കര്‍ണാടക സീഡ് കോര്‍പറേഷന്‍ തുടങ്ങി വിവിധ സാധ്യതകള്‍ അതിനായി ഉണ്ടായിരുന്നു.
എന്നാല്‍, കൃഷി വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന സീഡ് കോര്‍പറേഷനില്‍ നിന്ന് നെല്ല് വിത്ത് വാങ്ങുന്നവര്‍ക്ക് മാത്രമേ വിത്ത് സബ്‌സിഡി നല്‍കൂ എന്നാണ് വകുപ്പിന്റെ പുതിയ തീരുമാനം. സംസ്ഥാന സീഡ് കോര്‍പറേഷനില്‍ കെട്ടിക്കിടക്കുന്ന വിത്തുകള്‍ ചിലവഴിക്കാനുള്ള തന്ത്രമാണിതെന്ന് കര്‍ഷകര്‍ പറയുന്നു. പുതിയ സര്‍ക്കാര്‍ ഈ തീരുമാനം പുനപ്പരിശോധിക്കണമെന്നാണ് ആവശ്യം. സംസ്ഥാന സീഡ് അതോറിറ്റി വിതരണം ചെയ്യുന്ന വിത്തിന് ഗുണനിലവാരമില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഒരു ഹെക്ടര്‍ പാടത്ത് നൂറുകിലോ നെല്‍വിത്താണ് സര്‍ക്കാര്‍ മാനദണ്ഡം. എന്നാല്‍, നൂറ്റിയമ്പത് കിലോയെങ്കിലും വിതച്ചാലേ പ്രതീക്ഷിക്കുന്ന വിളവുണ്ടാവുവെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ കര്‍ഷകര്‍ പറയുന്നു. കര്‍ഷകന്റെ വാക്കുകള്‍ക്ക് സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണന നല്‍കണമെന്ന് കാണിച്ച് വിവിധ കര്‍ഷകസംഘടനകള്‍ കൃഷി മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it