kasaragod local

സബ്‌സിഡികള്‍ നിലച്ചു; ജില്ലയില്‍ നെല്‍കൃഷിയില്‍ വന്‍ ഇടിവ്

നീലേശ്വരം: നെല്‍കൃഷി പ്രോ ല്‍സാഹനത്തിന് നിരവധി സര്‍ക്കാര്‍ പദ്ധതികളുണ്ടായിട്ടും ജില്ലയില്‍ നെല്ലുല്‍പ്പാദനം നാലിലൊന്നായി ചുരുങ്ങി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ തരിശ്ശിട്ട നെല്‍ വയലുകളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ദ്ധിച്ചിട്ടുണ്ട്. കൃഷിഭവനുകള്‍ മുഖേനയുളള സബ്‌സിഡികള്‍ നിലക്കുകയും പാടശേഖര സമിതികളുടെ പ്രവര്‍ത്തനം നിര്‍ജ്ജീവമാവുകയും ചെയ്തതോടെ ജില്ലയിലെ കഴിഞ്ഞ വര്‍ഷത്തെ നെല്ലുല്‍പാദനം സംസ്ഥാന ശരാശരിയില്‍ വളരെ പിന്നാക്കം പോയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ പത്തായിരം ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷിയുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ നെല്ലുപാദനം 2000 ഹെക്ടറില്‍ താഴെയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദനം നാലിലൊന്നായി ചുരുങ്ങിയിട്ടുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരത്തോളം ഹെക്ടര്‍ സ്ഥലം ഇപ്പോള്‍ തരിശായി കിടക്കുന്ന അവസ്ഥയും ജില്ലയിലുണ്ട്. നെല്‍കൃഷി ചെയ്യുന്നതിനുളള ഭീമമായ ചെലവാണ് ഇതില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്. വിതയ്ക്കലും കൊയ്യലുമെല്ലാം കൃഷിക്കാരനെ കടക്കെണിയിലാക്കിയതോടെ പഴയകാല കര്‍ഷകരും അവരുടെ കുടുംബവുമെല്ലാം നെല്‍കൃഷിയില്‍ നിന്നും പിന്‍വലിഞ്ഞിരിക്കയാണ്. ജില്ലയിലെ പ്രധാന നെല്ലുല്‍പാദന കേന്ദ്രമായ കാഞ്ഞങ്ങാട് കാരാട്ടുവയലില്‍ ഇപ്പോള്‍ നെല്‍കൃഷി തീരെയില്ലെന്നു തന്നെ പറയാം.
പിലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, മടിക്കൈ, അജാനൂര്‍, പള്ളിക്കര, കയ്യൂര്‍-ചീമേനി, പടന്ന, തൃക്കരിപ്പൂര്‍, കിനാൂര്‍-കരിന്തളം തുടങ്ങിയ പഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ വിസ്തൃതിയും കുറഞ്ഞു നെല്‍വയലുകള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറുകയാണ്. അവശേഷിക്കുന്ന വയലുകളില്‍ നെല്‍കൃഷി നടത്തുന്ന കര്‍ഷകരുടെ എണ്ണം നാമമാത്രമാണ്. ജില്ലയില്‍ കൃഷിഭവനുകളില്‍ രജിസ്റ്റര്‍ ചെയ്ത 600 ഓളം പാടശേഖര സമിതികള്‍ നിലവിലുണ്ടെങ്കിലും ഇതില്‍ പ്രവര്‍ത്തിക്കുന്നത് 65ഓളം പാടശേഖര സമിതികള്‍ മാത്രമാണ്.
പാടശേഖര സമിതികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ ട്രാക്ടറുകളും ട്രില്ലറുകളുമെല്ലാം പല പഞ്ചായത്തുകളിലും തുരുമ്പെടുത്ത് നശിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍ ദിനങ്ങള്‍ പ്രയോജനപ്പെടുത്തി നെല്‍കൃഷി ഇറക്കാന്‍ പാടശേഖര സമിതികളോ തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളോ തയ്യാറാവുന്നില്ല. തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം കൃഷിമേഖലയിലേക്ക് വ്യാപിപ്പിച്ചാല്‍ തന്നെ കര്‍ഷകര്‍ക്ക് അത് ഏറെ ആശ്വാസം പകരുമെങ്കിലും അധികൃതര്‍ അതിനു തയ്യാറാവുന്നില്ല. വയലുകള്‍ ഉഴുതു മറിക്കാന്‍ ട്രാക്ടറിന് മണിക്കൂറിന് ആയിരത്തിനു മുകളിലാണ് നല്‍കേണ്ടത്. വിത്തിന് പറയ്ക്ക് 250 രൂപ വരെ നല്‍കണം.
വയലില്‍ പണിയെടുക്കുന്ന പുരുഷതൊഴിലാളിക്ക് ഉച്ചവരെ നാന്നൂറിനും അഞ്ഞൂറിനുമിടയിലാണ് കൂലി നല്‍കേണ്ടത്. സ്തീകള്‍ക്ക് ഉച്ചവരെ 260 രൂപയാണ് കൂലി. ഇതിന് പുറമെയാണ് ഭക്ഷണ ചെലവ്. വലയില്‍ രാസവളങ്ങളോ ജൈവവളമോ ചേര്‍ക്കണം. വെള്ളം പമ്പ് ചെയ്യണം. സര്‍ക്കാരില്‍ നിന്ന് നെല്‍കൃഷിക്കാരെ സഹായിക്കാന്‍ അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ ജില്ലയിലെ അവശേഷിക്കുന്ന വയലുകളും അപ്രത്യക്ഷമാവുന്ന കാലം വിദൂരമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it