സഫായ് മഹോല്‍സവത്തില്‍ അഖിലേഷ് യാദവ് പങ്കെടുത്തില്ല

ഇറ്റാവ: ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ സഫായ് മഹോല്‍സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിട്ടുനിന്നു. തന്റെ അനുയായികളായ സുനില്‍ യാദവ് എന്ന സാജന്‍, ആനന്ദ് ബഹാദൂരിയ എന്നിവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാരോപിച്ച് പുറത്താക്കിയതില്‍ മനംനൊന്താണ് അഖിലേഷിന്റെ നടപടിയെന്ന് അഭ്യൂഹമുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരോ സമാജ് വാദി പാര്‍ട്ടിയോ പ്രതികരിക്കാന്‍ തയ്യാറിയിട്ടില്ല. എന്നാല്‍ തന്റെ സഹായികളെ പുറത്താക്കിയതില്‍ അഖിലേഷ് അസ്വസ്ഥനായിരുന്നു എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
സമാജ് വാദി പാര്‍ട്ടി ഛത്രസഭാ ദേശീയ പ്രസിഡന്റായിരുന്നു സാജന്‍. ലോഹിയ വാഹിനിയുടെ മുന്‍ ദേശീയ പ്രസിഡന്റായിരുന്നു ആനന്ദ ബഹാദൂരിയ. ഇറ്റ എംഎല്‍എയും എസ്പി നേതാവുമായ രാമേശ്വര്‍ റാവുവിന്റെ മകന്‍ സുബോധ് യാദവിനെയും ഇവരോടൊപ്പം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയിട്ടുണ്ട്.
കഴിഞ്ഞ 18 വര്‍ഷമായി സമാജ് വാദിപാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ നാട്ടില്‍ വച്ച് നടക്കുന്നതാണ് സഫായ് മഹോല്‍സവ്. പതിനേഴു ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ ബോളിവുഡിലെ പ്രമുഖര്‍വരെ പങ്കെടുക്കാറുണ്ട്. യാദവ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തുവരാറുള്ള ചടങ്ങില്‍ നിന്നാണ് അഖിലേഷ് വിട്ടുനിന്നത്. ഇതെ തുടര്‍ന്ന് മുലായം സിങ് യാദവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it