ernakulam local

സപര്യയ്ക്ക് വര്‍ണാഭമായ കൊടിയിറക്കം; സെന്റ്.തെരേസാസിന് കലാ കിരീടം

തൊടുപുഴ: 27-ാമത് എംജി സര്‍വകലാശാല കലോത്സവത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളജിന് തുടര്‍ച്ചയായി ആറാം വര്‍ഷവും കലാ കിരീടം. 83 പോയിന്റുകള്‍ നേടിയാണ് ഇവര്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിനെ പിന്തള്ളി ഒന്നാമതെത്തിയത്. ആര്‍എല്‍വിക്ക് 69 പോയിന്റു ലഭിച്ചു.
മൂന്നാമതെത്തിയ എറണാകുളം മഹാരാജാസ് കോളജിന് 67 പോയിന്റു ലഭിച്ചു. തേവര എസ്എച്ച് കോളജിന് 48 ഉം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിന് 42 ഉം ലഭിച്ചു. മ്യൂസിക്കല്‍ ഇവന്റില്‍ 24 പോയിന്റും ഡാന്‍സ് ഇവന്റില്‍ 42 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസാണ് ചാംപ്യന്‍മാര്‍. ലിറ്ററസി ഇവന്റില്‍ 19 പോയിന്റുമായി ആലുവ യുസി കോളജും തീയറ്റര്‍ ഇവന്റില്‍ 22 പോയിന്റുമായി എറണാകുളം മഹാരാജാസും ഫൈന്‍ ഇവന്റില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജും ചാംപ്യന്‍മാരായി. അവസാന മണിക്കുറുകലില്‍ ആര്‍എല്‍വി കോളജ് മഹാരാജാസിനെ അട്ടിമറിക്കുകയാണ് ചെയ്തത്. ചലച്ചിത്ര താരം നിവിന്‍ പോളി ഓവറോള്‍ ട്രോഫി സമ്മാനിച്ചു.
അഞ്ചു രാപ്പകലുകള്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച എംജി കലോത്സവത്തിന് വര്‍ണാഭമായ കൊടിയിറക്കം. പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ കാംപസില്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്കു മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചാണ് തിരിതെളിഞ്ഞതും ഒടുവില്‍ കൊടിയിറങ്ങിയതും.
ആക്ഷന്‍ ഹീറോ ബിജു എന്ന ചലച്ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് സമാപന സമ്മേളനത്തിന് കൊഴുപ്പേകിയത്. ഇത്രയും വലിയ ജനസമൂഹത്തെ കാണുമ്പോള്‍ തന്റെ കോളജ് ജീവിതവും കലാ മത്സരങ്ങളുമാണ് ഓര്‍മ്മയില്‍ വരുന്നതെന്ന നിവിന്‍ പോളി പറഞ്ഞു. താര—ങ്ങള്‍ ഏറ്റുമുട്ടിയ അഞ്ചു രാപ്പകലുകള്‍ക്കൊടുവില്‍ കലാ മാമാങ്കത്തിനു കൊടിയിറങ്ങുമ്പോള്‍ ഇടുക്കിയുടെ ഇടനെഞ്ചില്‍ മറക്കാനാവാത്ത ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ചു. തുടക്കത്തിലെ കല്ലുകടികള്‍ സമാപന ദിവസം വര്‍ണാഭവമാക്കാന്‍ കഴിഞ്ഞത് സംഘാടകര്‍ക്ക് അഭിമാനിക്കാം. രാത്രി എട്ടോടെയാണ് കാത്തിരുന്ന ആയിരത്തോളം വരുന്ന കാഴ്ചക്കാര്‍ക്കിടയിലേയ്ക്ക് നിവിന്‍ പോളിയും സംഘവും എത്തിയത്. യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ അനന്ദു ഉണ്ണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംവിധായകന്‍ എബ്രിഡ് ഷൈന്‍, കലാഭവന്‍ പ്രജോദ്, സുരേഷ് തമ്പാനൂര്‍, ബൈജു, സെനറ്റ് അംഗം ജയകുമാര്‍, ഹരികുമാര്‍ ചങ്ങമ്പുഴ, കെ എം മൂസ, നിസാര്‍ പഴേരി, ടി ആര്‍ സോമന്‍ എന്നിവര്‍ സംസാരിച്ചു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കിരണ്‍ സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it