Kollam Local

സന്ദര്‍ശന വേളയില്‍ നഗരത്തിലെ റോഡുകളില്‍ ഗതാഗത നിരോധനം

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊല്ലത്ത് എത്തും. ഇതിന്റെ മുന്നോടിയായി നഗരം സുരക്ഷാവലയത്തിലായി. എസ്പിജി സംഘം ഇന്നലെയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.

കൊല്ലം എസ്എന്‍ കോളജ് വളപ്പില്‍ സ്ഥാപിച്ച ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഉച്ചയ്ക്ക് 2.30ന് ഹെലികോപ്റ്റര്‍ മാര്‍ഗം ആശ്രാമം മൈതാനത്ത് എത്തുന്ന അദ്ദേഹം ബുള്ളറ്റ് പ്രൂഫ് കാറില്‍ ചിന്നക്കട മേല്‍പ്പാലം വഴി സമ്മേളന വേദിയിലെത്തും. 2.40നാണ് പ്രധാനമന്ത്രി വേദിയിലെത്തുക. ദേശീയപാതയ്ക്കരികില്‍ കോളജ് വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമ വേദിയിലിരുന്ന് പ്രധാനമന്ത്രി അനാവരണം ചെയ്യും. പ്രധാനമന്ത്രി കാറില്‍ വരുന്ന റോഡിന്റെ ഇരുവശങ്ങളിലും പത്ത് മീറ്റര്‍ ദൂരത്തില്‍ പോലിസിനെ നിയോഗിക്കും. ഈസമയം അനുബന്ധറോഡുകളില്‍ വാഹനങ്ങള്‍ കടത്തിവിടില്ല. പാര്‍ക്കിങ്ങും അനുവദിക്കില്ല. മോദി പരിപാടി കഴിഞ്ഞ് മടങ്ങുന്നതുവരെ ഇതു തുടരും. 1300ല്‍പരം പോലിസുകാരാണ് സുരക്ഷയ്ക്കായി കൊല്ലത്ത് എത്തിയിട്ടുള്ളത്. അഞ്ച് എസ്പിമാരും ഒമ്പത് ഡിവൈഎസ്പിമാരുടേയും നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങള്‍ നടത്തിവരുന്നത്. പ്രധാനമന്ത്രി കാറില്‍ സഞ്ചരിക്കുന്ന ആശ്രാമം മൈതാനം മുതല്‍ സമ്മേളനസ്ഥലമായ എസ്എന്‍ കോളജ് ഗ്രൗണ്ട് വരെ റോഡിന്റെ ഇരുവശങ്ങളിലും വേലി കെട്ടി തിരിച്ചിട്ടുള്ള ഭാഗങ്ങളില്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് നില്‍ക്കാന്‍ അനുവാദമുള്ളുവെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
റോഡുവശത്തെ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ കയറി നില്‍ക്കാന്‍ അനുവദിക്കില്ല. ഈ ഭാഗത്തുള്ള വീട്ടുകാര്‍ ഇവരുടെ ഗേറ്റുകള്‍ പുറത്ത് നിന്നും പൂട്ടേണ്ടതാണ്. പ്രധാനമന്ത്രിയെ കാണുന്നതിനായി എത്തുന്നവര്‍ കൊടിതോരണങ്ങള്‍, വടി, പൈപ്പ് എന്നിവയില്‍ കെട്ടി ഉപയോഗിക്കാന്‍ പാടില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ സ്ഥലത്ത് നിന്ന് നീക്കുന്നതും കേസെടുക്കുന്നതുമാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു. ഇന്നലെ രാത്രി നഗരത്തിലെ ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഇന്നലെ രാത്രി മുതല്‍ സംശയാസ്പദമായി വന്ന വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയും പരിശോധന നടത്തി. പ്രധാനമന്ത്രി വരുന്ന റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകള്‍ ഇന്നലെ സ്ഥാപിച്ചു.
Next Story

RELATED STORIES

Share it