സത്യപ്രതിജ്ഞ: സെന്‍ട്രല്‍ സ്റ്റേഡിയം ഒരുങ്ങി; ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അധികാരമേല്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കുന്നത് വിപുലമായ സംവിധാനങ്ങള്‍. ഇന്ന് വൈകീട്ട് നാലിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് 19 മന്ത്രിമാര്‍ക്കും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്. പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പ്രവേശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകരടങ്ങുന്ന വന്‍ജനാവലിയുടെ സാന്നിധ്യത്തിലാവും സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങിന് വിപുലമായ ക്രമീകരണങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. നിലവിലെ എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ ഡിജിപിമാര്‍, നിലവിലെ സെക്രട്ടറിമാര്‍, ഡിജിപിമാര്‍, കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ തുടങ്ങിയവരെ സര്‍ക്കാര്‍ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ പാര്‍ട്ടിയും ക്ഷണിക്കും.
30ഓളം പേര്‍ക്ക് ഇരിക്കാവുന്ന വേദിയുടെ നിര്‍മാണം ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായി. സദസ്സിന്റെ മുന്‍നിരയില്‍ വിഐപികള്‍ക്കും പ്രമുഖര്‍ക്കുമുള്ള ഇരിപ്പിടമായിരിക്കും. സ്‌റ്റേഡിയത്തില്‍ എത്തുന്നവര്‍ക്കെല്ലാം വേദി നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ സ്‌റ്റേഡിയത്തിനകത്ത് എട്ട് ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിക്കും. കൂടാതെ പാളയം, സ്റ്റാച്യു എന്നിവിടങ്ങളിലും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവികള്‍ സ്ഥാപിക്കും. ഗതാഗതത്തിന് തടസ്സമുണ്ടാവാത്തവിധം സെക്രട്ടേറിയറ്റ് അനക്‌സ്, ജേക്കബ്‌സ് ജങ്ഷന്‍ തുടങ്ങി സ്‌റ്റേഡിയത്തിന് പുറത്ത് നാലിടത്ത് എല്‍ഇഡി വാള്‍ സ്ഥാപിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വിവിഐപി വാഹനങ്ങള്‍ മാത്രമേ സ്‌റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കു. തിരക്കൊഴിവാക്കുന്നതിന് സെക്രട്ടേറിയറ്റ് പരിസരത്തും പാര്‍ക്കിങ് ഒഴിവാക്കിയിട്ടുണ്ട്.
ശക്തമായ സുരക്ഷാക്രീമീകരണങ്ങളാണ് പോലിസ് ഒരുക്കിയിട്ടുള്ളത്. ശുചിത്വ മിഷനും നഗരസഭയും വേദിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍, കാരി ബാഗുകള്‍ എന്നിവ വേദിയില്‍ അനുവദിക്കില്ല. കുടിവെള്ളം അധികൃതര്‍ തന്നെ വിതരണം ചെയ്യും. ചടങ്ങിന് എത്തുന്നവര്‍ 3.30ന് മുമ്പേ എത്തണമെന്നും അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it